തവാങ്: അരുണാചൽപ്രദേശിൽ തവാങ് മേഖലയിലെ നിയന്ത്രണരേഖയിൽ യുദ്ധസന്നാഹങ്ങൾ ശക്തിപ്പെടുത്തി ഇന്ത്യ. അത്യാധുനിക എൽ70 ആന്റി-എയർക്രാഫ്റ്റ് ഗണ്ണുകളാണ് നിയന്ത്രണ രേഖയ്‌ക്ക് സമീപം വിവിധ ഇടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. വ്യോമ-പ്രതിരോധ സംവിധാനങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. എം-777 ഹൊവിറ്റ്‌സറുകളാണ് ആണ് ഇതിലേക്ക് പുതുതായി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്. സൈന്യത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധ സംവിധാനങ്ങളെ ഇത് ഉത്തേജിപ്പിക്കുമെന്നും സൈനിക മേധാവികൾ വ്യക്തമാക്കി. ചെറിയ ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, വിമാനങ്ങൾ തുടങ്ങീ വ്യോമമാർഗ്ഗമെത്തുന്ന ഏത് തരം ഭീഷണിയേയും പ്രതിരോധിക്കാൻ ഇതിനാകും. ശത്രുവിന്റെ ആക്രമണങ്ങളെ സ്വയം ട്രാക്ക് ചെയ്യാനുള്ള കഴിവും എൽ70 ആന്റി-എയർക്രാഫ്റ്റ് ഗണ്ണുകൾക്കുണ്ട്.
തവാങ് പ്രവിശ്യയിലും കിഴക്കൻ ലഡാക്കിലുമുള്ള ചൈനയുടെ കയ്യേറ്റ ശ്രമങ്ങൾ പ്രതിരോധിക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ആളുകളില്ലാത്ത ഡ്രോൺ പോലുള്ള ആകാശ വാഹനങ്ങൾ, ആളില്ലാത്ത യുദ്ധ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, തുടങ്ങിയവയെ പ്രതിരോധിക്കാൻ ഇവയ്‌ക്കാകുമെന്ന് അധികൃതർ വ്യക്തമാക്കി. തെർമൽ ഇമേജിംഗ് ക്യാമറ, ലേസർ റേഞ്ച് ഫൈൻഡർ എന്നിവയുള്ള ഇലക്ട്രോ-ഒപ്റ്റിക്കൽ സെൻസറുകൾ ഉപയോഗിച്ച് ഏതു കാലാവസ്ഥയിലും കൃത്യമായി ലക്ഷ്യം കണ്ടുപിടിക്കുന്നതിനുള്ള ഓട്ടോമാറ്റിക്ക് ടാർജറ്റ് ട്രാക്കിങ് സംവിധാനം ഇതിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഒരുക്കിയിട്ടുണ്ട്.
ഇതിൽ വരുന്ന തീയുടെ അളവ് കൃത്യതപ്പെടുത്തുന്നതിനായി ഒരു മസിൽ വെലോസിറ്റി റഡാറും സജ്ജീകരിച്ചിട്ടുണ്ട്. ഉപയോഗിക്കാൻ കൂടുതൽ എളുപ്പമുള്ള രീതിയിലാണ് നിർമ്മാണം. 1950ഇൽ സ്വീഡിഷ് പ്രതിരോധ കമ്പനിയായ ബോഫോഴ്‌സ് എബിയാണ് എൽ 70 തോക്കുകൾ ഇന്ത്യക്കായി നിർമ്മിച്ചത്. പിന്നീട് ഭാരത് ഇലക്ട്രിക്കൽസ് ലിമിറ്റഡ് ഇതിനെ കൂടുതൽ മെച്ചപ്പെടുത്തുകയായിരുന്നു.
















Comments