ബംഗ്ലാദേശിൽ നടന്ന ഹിന്ദു വിരുദ്ധ കലാപത്തിന്റെ ചുരുളഴിയുകയാണ്. ഹിന്ദുക്കളെ വധിക്കാനും ക്ഷേത്രങ്ങൾ തകർക്കാനും മതമൗലിക വാദികളെ പ്രേരിപ്പിച്ച സംഭവത്തിന്റെ സൂത്രധാരൻ ഇഖ്ബാൽ ഹുസൈൻ പോലീസ് പിടിയിൽ. ദുർഗാ ദേവിയുടെ പന്തലിൽ ഖുറാൻ കൊണ്ടുവെച്ച് പ്രകോപനം സൃഷ്ടിച്ചത് ഇഖ്ബാൽ ഹെൈുസനാണെന്ന് തെളിഞ്ഞു. മതഗ്രന്ഥത്തെ ഹിന്ദുക്കൾ അവഹേളിച്ചെന്നാരോപിച്ച് കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് ഇസ്ലാമിക മതമൗലിക വാദികൾ കൊള്ളയും കൊലയും അഴിച്ചുവിടുകയായിരുന്നു. വ്യാജപ്രചരണം നടത്തി ഹിന്ദുക്കളെ ഇല്ലായ്മ ചെയ്യുകയെന്ന ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇത്.
നവരാത്രിയോട് അനുബന്ധിച്ച് ദുർഗാ പൂജകൾ നടക്കുകയായിരുന്നു ബംഗ്ലാദേശിൽ. ഒക്ടോബർ 12, അർദ്ധരാത്രി കുമിലയിലെ ദുർഗാ പൂജാ പന്തലിൽ കയറികൂടിയ ഇഖ്ബാൽ ഹുസൈൻ ദേവീ വിഗ്രഹത്തിന്റെ കാൽച്ചുവട്ടിൽ ഒരു ഖുർആൻ വെയ്‌ക്കുകയും അതിന്റെ ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു. വിഗ്രഹത്തിനൊപ്പം ഖുർആൻ കണ്ടു പരിഭ്രമിച്ച ഹിന്ദുക്കൾ പോലീസിനെ വിവരം അറിയിക്കുകയും അവരെത്തി ഖുർആൻ മാറ്റുകയും ചെയ്തു. എന്നാൽ പന്തലിന് ചുറ്റും പ്രകോപിതരായി തടിച്ചു കൂടിയ ആൾക്കൂട്ടത്തിൽ ചിലർ ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ ലൈവായി പ്രചരിപ്പിക്കുന്നുണ്ടായിരുന്നു.
മതവികാരഭരിതമായ ഫേസ്ബുക്ക് ലൈവിൽ ഖുറാനെ ഹിന്ദുക്കൾ അപമാനിച്ചുവെന്നും ഒരു പാഠം പഠിപ്പിക്കണമെന്ന ആഹ്വാനവും ഉണ്ടാകുന്നു. തുടർന്ന് പോലീസ് പോയ ഉടനെ പന്തൽ ആക്രമിക്കുകയും വിഗ്രഹങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു. വാർത്ത കാട്ടുതീപോലെ പടർന്നതോടെ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദുക്കൾക്കെതിരെ ആക്രമണങ്ങൾക്ക് തുടക്കമിട്ടു. ഇതുവരെ ആറ് ഹിന്ദുക്കളാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് വീടുകൾ അഗ്‌നിക്കിരയായി. എൺപതോളം ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതോടൊപ്പം ഹിന്ദു ഭവനങ്ങൾ കൊളളയടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
മതമൗലിക വാദികളുടെ നരനായാട്ടിനൊടുവിൽ ശക്തമായ പോലീസ് അന്വേഷണത്തെ തുടർന്നാണ് കൊമില്ലയിലെ സുജാനഗർ സ്വദേശി ഇഖ്ബാൽ ഹുസൈൻ അറസ്റ്റിലായിരിക്കുന്നത്. ദുർഗാ ദേവീ പന്തലിൽ കടന്ന ഇഖ്ബാൽ വിഗ്രഹത്തിന് സമീപത്ത് ഖുറാൻ വെയ്‌ക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത് അറസ്റ്റിലേക്ക് നയിച്ചു. പന്തലിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. സമീപത്തെ മുസ്ലീം പള്ളിയിൽ നിന്ന് ഖുറാൻ എടുക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
ആക്രമണങ്ങളെ ഇന്ത്യയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു. വിഷയത്തിൽ ശക്തമായ നടപടി എടുക്കണമെന്നും ബംഗ്ലാദേശ് സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ജനതയുടെ ശാന്തി തകർത്ത മതമൗലിക വാദികൾക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണമെന്ന് രാജ്യത്തെ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നസ് എന്ന സംഘടനയും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2013 മുതലുള്ള കണക്ക് പ്രകാരം ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ 3,679 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ തുടരുന്ന ആക്രമണങ്ങളിൽ കുറ്റവാളികൾക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനം.















Comments