കൊറോണ വാക്സിനേഷനിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. 275 ദിവസങ്ങൾ കൊണ്ട് 100 കോടി ഡോസ് വാക്സിൻ വിതരണം ചെയ്ത് അഭിമാനനേട്ടം രാജ്യം സ്വന്തമാക്കി. ഡിസംബർ അവസാനത്തോടെ മാത്രം കൈവരിക്കുമെന്ന് പ്രതീക്ഷിച്ച ലക്ഷ്യം രണ്ടര മാസം മുമ്പേ പൂർത്തീകരിച്ച് ലോകരാഷ്‌ട്രങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുന്നു നമ്മുടെ രാഷ്‌ട്രം. ഇന്ത്യയെപ്പോലുള്ള ഒരു മൂന്നാംലോക രാജ്യത്തിന് ഈനേട്ടം എങ്ങനെ സ്വന്തമാക്കാൻ കഴിഞ്ഞുവെന്ന് ആലോചിച്ച് തലപുകയ്‌ക്കുകയാണ് ലോകത്തെ വൻ സാമ്പത്തിക ശക്തികൾ പോലും.
ഒക്ടോബർ 21ന് രാവിലെ 9.47-ഓടെയാണ് രാജ്യത്ത് വാക്‌സിൻ ഡോസുകളുടെ വിതരണം 100 കോടി പൂർത്തിയാക്കിയത്. നേട്ടത്തിന് പിന്നാലെ ആരോഗ്യപ്രവർത്തകരെ ആദരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി ആർഎംഎൽ ആശുപത്രിയിലെത്തി. വാക്‌സിനേഷൻ നൂറുകോടി കടക്കുന്ന അവസരത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് വിവരം. ചെങ്കോട്ടയിൽ ദേശീയ പതാകയും ഉയർത്തുന്നുണ്ട്. 1,400 കിലോഗ്രാമോളം ഭാരം വരുന്ന ഏറ്റവും വലിയ ദേശീയ പതാകയാണ് ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങിൽ ഉയർത്തുകയെന്നാണ് റിപ്പോർട്ടുകൾ. റെയിൽവേയും ചരിത്ര നേട്ടത്തിൽ വിപുലമായ ആഘോഷപരിപാടികൾ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ട്രെയിനുകളിലും വിമാനങ്ങളിലും കപ്പലുകളിലും നൂറ് കോടി നേട്ടത്തെ സംബന്ധിച്ചുള്ള അനൗൺസ്‌മെന്റുകൾ നടത്തും.
വാക്സിനേഷൻ നൂറ് കോടിയിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ ഇതിനോടകം തന്നെ വാക്സിനേഷൻ ഗീതം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പുറത്തിറക്കിയിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ പത്മശ്രീ കൈലാഷ് ഖേർ പാടിയ ഭാരത് കാ ടികാകരൺ എന്ന ഗാനമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. വാക്സിനേഷൻ ആശങ്ക ഇല്ലാതാക്കുന്നതിനായി പെട്രോളിയം മന്ത്രാലയത്തിന്റെതാണ് വാക്‌സിനേഷൻ ഗീതമെന്ന ആശയം. കൊറോണ വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണർത്തുകയാണ് ഉദ്ദേശ്യം.
കഴിഞ്ഞ ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു വാക്‌സിനേഷൻ. മാർച്ച് ഒന്ന് മുതൽ രാജ്യത്തെമ്പാടുമുള്ള 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ ലഭ്യമാക്കി. മെയ് 1 മുതലാണ് 18 വയസ്സിന് മുകളിലുള്ളവർക്കും വാക്‌സിൻ നൽകാൻ അനുമതി നൽകിയത്. 18 വയസിന് മുകളിലുള്ളവരിൽ 75 ശതമാനം പേർക്ക് ആദ്യ ഡോസും 31 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി. സെക്കന്റിൽ 700 ഡോസ് വാക്‌സിൻ ഡോസുകൾ രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്നു എന്നാണ് കണക്ക്.
എട്ട് സംസ്ഥാനങ്ങൾ വാക്‌സിനേഷനിൽ ആറ് കോടി ഡോസ് എന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വാക്‌സിൻ വിതരണം ചെയ്തിട്ടുള്ളത്. 12.08 കോടി ഡോസുകൾ. മഹാരാഷ്‌ട്രയിൽ 9.23 കോടി, പശ്ചിമ ബംഗാളിൽ 6.82 കോടി, ഗുജറാത്തിൽ 6.73 കോടി, മധ്യപ്രദേശിൽ 6.67 കോടി, ബിഹാറിൽ 6.30 കോടി, കർണ്ണാടകയിൽ 6.13 കോടി, രാജസ്ഥാനിൽ 6.07 കോടി എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ വാക്‌സിനേഷൻ കണക്ക്. ലോകത്ത് ചൈന മാത്രമാണ് ഇതുവരെ നൂറു കോടിയിലധികം ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തിട്ടുള്ളത്.
പ്രതിരോധ മരുന്നിനോടുള്ള വിമുഖത മാറ്റാനായി നടത്തിയ സുദീർഘമായ ക്യാമ്പയിനുകൾ കൊറോണ വാക്‌സിനെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളും അപവാദങ്ങളും തടയുന്നതിന് സഹായിച്ചിരുന്നു. വാക്‌സിനേഷൻ തുടങ്ങുന്നതിന് മുമ്പ് തന്നെ രാജ്യത്ത് ബോധവത്കരണം ആരംഭിച്ചു. ശാസ്ത്രീയവും ആധികാരികവുമായ കാര്യങ്ങൾ ആളുകളിലെത്തിച്ചു. സാമൂഹിക മാദ്ധ്യമങ്ങൾ കൃത്യമായി നിരീക്ഷിച്ച് അപവാദ പ്രചാരണങ്ങൾ തടഞ്ഞു. ഒടുവിൽ പ്രതീക്ഷിച്ചതിലും ഒന്നരമാസം മുമ്പ് 100 കോടി ഡോസ് വാക്സിൻ വിതരണം പൂർത്തിയാക്കിയിരിക്കുകയാണ് ഇന്ത്യ. അഭിമാനമാണ്, ആത്മ നിർഭരമാണ് ഭാരതം. മനുഷ്യരാശി കൊറോണ ഭീതിയിൽ വിറങ്ങലിച്ചു നിന്നപ്പോൾ, ലോകത്തിന് മൃതസഞ്ജീവനിയായി മാറിയ നമ്മുടെ രാഷ്‌ട്രം.















Comments