എല്ലാം അറിയുന്നവൻ ശിവശങ്കരൻ. സ്വപ്‌നയും സരിത്തും നയതന്ത്ര ബാഗിലൂടെ സ്വർണം കടത്തിയത് ശിവശങ്കരന്റെ അറിവോടെ തന്നെ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന ഉന്നത പദവിലിരുന്നുകൊണ്ട് ശിവശങ്കർ നടത്തിയ അവിഹിത ഇടപാടുകൾ എണ്ണിപ്പറഞ്ഞ് കസ്റ്റംസിന്റെ 3000 പേജുള്ള കുറ്റപത്രം. 21 തവണ സ്വർണം കടത്തിയെന്നറഞ്ഞിട്ടും അക്കാര്യം മറച്ചുവെച്ചതിന് ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകളുമായി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചുകഴിഞ്ഞു.
ഇന്ത്യയിൽ തന്നെ ആദ്യമായി റിപ്പോർട്ട് ചെയ്ത് നയതന്ത്ര സ്വർണകടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ദേശീയതലത്തിൽ തന്നെ ചർച്ചയായ കേസിൽ ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്തത സഹചാരിയും പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ശിവശങ്കരൻ കേസിൽ 29 -ാം പ്രതിയാണ്. സംസ്ഥാന രാഷ്ടീയത്തെ പിടിച്ചുകുലുക്കിയ സ്വർണകടത്ത് കേസിൽ പിണറായിയുടെ വിശ്വസ്തനെതിരെ ശക്തമായ തെളിവുകൾ തന്നെയാണ് കസ്റ്റംസ് നിരത്തിയിരിക്കുന്നത്.
21 തവണ തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വപ്‌നയും സരിത്തും സന്ദീപും ചേർന്ന് സ്വർണം കടത്തി. ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ അറിവ് സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ ശിവശങ്കറിനുണ്ടായിരുന്നതായി കുറ്റപത്രത്തിൽ പരാമർശിക്കുന്നു. ഗുരുതരമായ നിയമലംഘനത്തെകുറിച്ച് വിവരം ലഭിച്ചിട്ടും അക്കാര്യം മറിച്ചുവെച്ചത് സിവിൽ സർവ്വീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ശിവശങ്കറിന്റെ നടപടി ഇരിക്കുന്ന പദവിയുടെ അന്തസ്സ് കളഞ്ഞെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ശിവശങ്കരനടക്കം 29 പേരാണ് പ്രതികൾ.
സ്വർണ്ണകടത്തിനായി നിക്ഷേപകരെ കണ്ടെത്തിയത് മുതൽ സ്വർണം പോയ വഴികൾ വരെ വിശദമായി വ്യക്തമാക്കുന്നതാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം. സ്വർണ കടത്ത് ആസൂത്രണം ചെയ്തവരും നടപ്പിലാക്കിയവരും നാട്ടിലെത്തിയ സ്വർണം വാങ്ങിയ ജ്വല്ലറി ഉടമകളുമാണ് കേസിലെ പ്രതികൾ. യുഎഇ കോൺസുലേറ്റിലെ കോൺസുൽ ജനറലും അറ്റാഷെയും നിലവിൽ പ്രതികളല്ല. ഇവരെ പ്രതിചേർക്കുന്നതിനുള്ള അപേക്ഷ വിദേശ കാര്യമന്ത്രാലം യുഎഇ ഭരണകൂടത്തിന് സമർപ്പിച്ചിരിക്കുകയാണ്. കെടി റമീസാണ് സ്വർണകടത്തിന്റെ മുഖ്യസൂത്രധാരൻ. ആകെ 169 കിലോ സ്വർണമാണ് നയതന്ത്ര ചാനൽ വഴി കടത്തിയത്.
കോഴിക്കോടും മലപ്പുറത്തുമുള്ള പ്രതികളാണ് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകിടം മറിക്കാനുള്ള പ്രവർത്തനത്തിനായി പണം നിക്ഷേപിച്ചതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും സ്വർണകടത്തിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന ശിവശങ്കറിന്റെ വാദം അപ്പാടെ പൊളിക്കുന്നതാണ് കസ്റ്റംസ് കുറ്റപത്രത്തിൽ ചൂണ്ടികാട്ടുന്ന വസ്തുതകളും തെളിവുകളും. മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ ഫോൺ രേഖകൾ അടക്കമുളള ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം ഇതിനോടകം തന്നെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ശക്തമായ തെളിവുകൾ ലഭ്യമായതിനുശേഷം മാത്രമാണ് മുഖ്യമന്ത്രിയുടെ നിഴലായിരുന്ന ശിവശങ്കരനെ കസ്റ്റംസ് പ്രതിചേർത്തതെന്ന് വ്യക്തം.
Comments