ഇസ്ലാമാബാദ് : പാകിസ്താൻ ചാരസംഘടനയുടെ തലവനെ മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്. പാകിസ്താൻ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ക്കാണ് പുതിയ തലവൻ വരുന്നത്. നേരത്തെ ചാരസംഘടനയുടെ തലവനെ മാറ്റുന്നത് സംബന്ധിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും സൈന്യവും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു.ഇത് അവസാനിച്ചതാണ് ഐഎസ്‌ഐയുടെ പുതിയ തലവനെ പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതിന് കാരണം.
തർക്കങ്ങൾക്കിടെ ആർമി ചീഫ് ജനറൽ ഖമർ ജാവേദ് ബജ്വ തിങ്കളാഴ്ച ഐഎസ്‌ഐ ആസ്ഥാനം സന്ദർശിച്ചിരുന്നു. രാജ്യത്തെ ആഭ്യന്തര സുരക്ഷയും അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തെ കുറിച്ചും ചർച്ച ചെയ്യുന്നതിനായിട്ടാണ് സന്ദർശനം നടത്തിയതെന്നാണ് റിപ്പോർട്ട്.
നിലവിലെ ഐഎസ്‌ഐ മേധാവി ലഫ്റ്റനന്റ് ജനറൽ ഹമീദിനെ പെഷവാർ കോർപ്സ് കമാൻഡർ ആക്കിയതായി സൈന്യം മുൻപ് പ്രഖ്യാപിച്ചിരുന്നു, പകരം ലഫ്റ്റനന്റ് ജനറൽ നദീം അഹമ്മദ് അൻജും പാക് ചാരസംഘടനയുടെ തലവനായി നിയമിതനായി. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറക്കാൻ തയ്യാറായിരുന്നില്ല.
ഇതായിരുന്നു പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും സെന്യവും തമ്മിലുള്ള തർക്കത്തിനു കാരണം. ഇമ്രാൻ ഖാൻ ഗൾഫ് രാജ്യത്തിലേക്ക് സന്ദർശനം നടത്താൻ ഒരുങ്ങുന്നതിന് തൊട്ട് മുൻപ് പ്രധാനമന്ത്രിയുടെ ഓഫീസ് നദീം അഹമ്മദ് അൻജുവിനെ ചാരതലവനാക്കി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
















Comments