തോക്കും പീരങ്കിയുമായെത്തിയ ബ്രീട്ടീഷ് പടയ്‌ക്കെതിരെ അശ്വാരൂഡയായി വാളേന്തി പോരാടിയ ധീര വനിത. ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടത്തിലെ ജ്വലിക്കുന്ന നക്ഷത്രമായ റാണി ചെന്നമ്മ. വൈദേശിക അധിനിവേശത്തിനെതിരെ പടനയിച്ച റാണി ചെന്നമ്മയുടെ 243 -ാം ജന്മവാർഷികം ആഘോഷിച്ച് രാജ്യം വീര സ്മരണ പുതുക്കുകയാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ റാണി ചെന്നമ്മയുടെ നേതൃത്വത്തിൽ നടത്തിയത് ചരിത്രത്തിൽ സമാനതകളില്ലാത്ത പോരാട്ടം. ഇന്നും ഇന്ത്യക്കാർക്ക് റാണി ചെന്നമ്മ ധൈര്യത്തിന്റെയും വിട്ടുവീഴ്ചയില്ലായ്മയുടെയും സ്വാതന്ത്ര്യസമരത്തിന്റെയും പ്രതീകം തന്നെ.
കർണാടകയിലെ ബെൽഗാം ജില്ലയിലെ ഒരു ഗ്രാമത്തിൽ 1778 ഒക്ടോബർ 23 -നാണ് റാണി ചെന്നമ്മ ജനിച്ചത്. കുതിരസവാരിയും ആയോധനകലയുമെല്ലാം ചെറുപ്പത്തിൽ തന്നെ പരിശീലിച്ചു. പതിനഞ്ചാമത്തെ വയസ്സിൽ കിത്തൂറിലെ രാജാവായിരുന്ന മല്ലസർജ്ജ ദേശായി റാണി ചെന്നമ്മയുടെ വിവാഹം കഴിക്കുകയും അവർക്കൊരു മകൻ ജനിക്കുകയും ചെയ്തു. 1816 -ൽ മല്ലസർജ്ജയും ഏതാനും വർഷങ്ങൾക്കുശേഷം ഏക മകനും അവിചാരിതമായി മരണപ്പെട്ടു.
അനന്തരാവകാശികളില്ലാതായതോടെ ശിവലിംഗപ്പ എന്ന കുട്ടിയെ റാണി ദത്തെടുത്ത് രാജ്യ ഭരണം ഏൽപ്പിച്ചു. എന്നാൽ റാണി ചെന്നമ്മയുടെ നടപടി ബ്രിട്ടീഷ് ഭരണകൂടം അംഗീകരിച്ചില്ല. നാട്ടുരാജ്യങ്ങളിലെ രാജാവോ, ഭരണാധികാരിയോ മരിക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്താൽ ആ രാജ്യം ഡോക്ട്രിൻ ലാപ്‌സ് എന്ന നിയമ പ്രകാരം ബ്രിട്ടന്റെ നേരിട്ടുള്ള അധികാര പരിധിയിക്കുള്ളിലാകുമെന്നാണ് ചട്ടം. അതിനാൽ റാണ് ചെന്നമ്മയുടെ ദത്തെടുക്കൽ അസാധുവാണെന്ന് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിക്കുകയും കിത്തൂർ ആക്രമിക്കാൻ തീരുമാനിക്കുകയും ചെയ്തു.
യുദ്ധപ്രഖ്യാപനത്തിന് മുമ്പ് നടന്ന സന്ധി സംഭാഷണങ്ങളിൽ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഒരു ആവശ്യവും അംഗീകരിക്കാൻ ആത്മാഭിമാനിയായ റാണി ചെന്നമ്മ തയ്യാറായില്ല. അധിനിവേശ ശക്തികൾക്കെതിരെ പോരാടാൻ തന്നെയായിരുന്ന ആ ധീരവനിതയുടെ തീരുമാനം. സർവ്വസന്നാഹങ്ങളുമായി 1824 ഒക്ടോബർ 21 -ന് ബ്രിട്ടീഷ് സേന കിത്തൂർ അക്രമിച്ചു. 20,000 ആളുകളും 400 തോക്കുകളുമായിട്ടായിരുന്നു ബ്രിട്ടീഷ് പട കിത്തൂർ പിടിച്ചെടുക്കാൻ ചെന്നത്.
വിലപിടിപ്പുള്ള വജ്രവും രത്‌നങ്ങളുമെല്ലാം കൊള്ളയടിച്ചതോടെ സാമ്പത്തികമായി തകർന്നെങ്കിലും യുദ്ധത്തിന്റെ ഒന്നാം ഘട്ടത്തിൽ വിജയം ചെന്നമ്മയുടെ ഭാഗത്തായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിന് കനത്ത നാശനഷ്ടടങ്ങളുണ്ടാക്കാനും അവരുടെ രണ്ട് പ്രധാനപ്പെട്ട സൈനിക ഓഫീസർമാരെ ബന്ദികളാക്കാനും റാണി ചെന്നമ്മയ്‌ക്ക് സാധിച്ചു. ബ്രിട്ടീഷ് ഓഫീസർമാരെ മോചിപ്പിക്കാൻ രണ്ട് ഉപാധികളാണ് ചെന്നമ്മ മുന്നോട്ട് വെയ്ച്ചത്. യുദ്ധത്തിൽനിന്ന് ബ്രിട്ടീഷുകാർ പിന്മാറണമെന്നും ദത്തുപുത്രനെ രാജ്യം ഭരിക്കാൻ അനുവദിക്കണം എന്നുമുള്ള റാണിയുടെ ആവശ്യങ്ങൾ അംഗീകരിപ്പെട്ടു.
സൈനിക ഓഫീസർമാർ മോചിതരായതോടെ കിത്തൂരിനെ വീണ്ടും ബ്രിട്ടീഷ് സൈന്യം ആക്രമിച്ചു. കർണാടകയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഒരു സ്ത്രീയോട് തോറ്റതിന്റെ അപമാനം അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. നേരിട്ടുള്ള പോരാട്ടത്തിലൂടെ റാണി ചെന്നമ്മയെ കീഴ്‌പ്പെടുത്താൻ സാധിക്കില്ലെന്ന് മനസിലാക്കിയ ബ്രിട്ടീഷുകാർ ഒടുവിൽ ചതി പ്രയോഗത്തിലൂടെ ലക്ഷ്യം നിറവേറ്റി.
ബ്രിട്ടീഷുകാർ ബെയിഹങ്കൽ കോട്ടയിൽ തടവിലിട്ട റാണി ചെന്നമ്മ അവിടെ കിടന്നു തന്നെ മരണപ്പെടുകയായിരുന്നു. ബെയിഹൊങ്കൽ താലൂക്കിൽ തന്നെയാണ് ചെന്നമ്മയെ സംസ്‌കരിച്ചത്. ധീരദേശാഭിമാനിയുടെ സ്മരണയ്‌ക്കായി കർണ്ണാടക സർക്കാർ പാർക്ക് നിർമ്മിച്ചിരിക്കുകയാണ്. റാണി ലക്ഷ്മിഭായിക്ക് മുമ്പ് ബ്രിട്ടീഷുകാർക്കെതിരെ വാളെടുത്ത് പോരാട്ടത്തിനിറങ്ങിയ റാണി ചെന്നമ്മയുടെ ജീവിതം ഏതൊരു രാജ്യസ്‌നേഹിയെയും പ്രചോദിപ്പിക്കുമെന്നതിൽ സംശയമില്ല.
















Comments