മുംബൈ: മുംബൈ പോലീസ് തന്നെ പിന്തുടരുകയാണെന്ന എൻസിബി ഡയറക്ടർ സമീർ വാങ്കഡെയുടെ പരാതി വ്യാജമെന്ന് മുംബൈ പോലീസ്. ഡിജിപിക്ക് നൽകിയ പരാതിയെ തുടർന്ന് മുംബൈ പോലീസ് തന്നെ നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. ഷാരൂഖ് ഖാന്റെ മകന്റെ അറസ്റ്റിന് പിന്നാലെ തന്റെ നീക്കങ്ങൾ പോലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് സമീർ വാങ്കഡെ പരാതി നൽകിയത്.
അമ്മയെ അടക്കിയിരിക്കുന്ന സ്ഥലത്ത് കഴിഞ്ഞ ആറ് വർഷമായി വാങ്കഡെ സ്ഥിരമായി സന്ദർശനം നടത്താറുണ്ട്. രണ്ട് പോലീസുകാർ ഈ സെമിത്തേരിയിലെത്തുകയും, ഇവിടെ നിന്ന് സമീർ വാങ്കഡെയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹം പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ പോലീസ് ഉദ്യോഗസ്ഥർ സെമിത്തേരിയിൽ പോയത് മറ്റൊരു കേസിന്റെ ആവശ്യത്തിനാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത് മോഷണക്കേസിലെ ആവശ്യത്തിന് വേണ്ടിയാണ്. ആരോപണവിധേയനായ പോലീസ് കോൺസ്റ്റബിൾമാർ സമീർ വാങ്കഡെയെ നേരിട്ട് കണ്ടിട്ടില്ലെന്നും മുംബൈ പോലീസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ ഡിജിപിയ്‌ക്ക് കൈമാറും. ഒഷിവാര പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ തന്നെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കം നൽകിയാണ് സമീർ വാങ്കഡെ മഹാരാഷ്‌ട്ര ഡിജിപിയ്‌ക്ക് പരാതി നൽകിയത്.
ആര്യനടക്കം പ്രതിയായ ലഹരി മരുന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് ഉന്നയിച്ചിരുന്നു. മുംബൈ പോലീസോ സർക്കാർ നിയോഗിക്കുന്ന പ്രത്യേക കമ്മീഷനോ കേസിൽ സമാന്തര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്‌ക്കെതിരായ എൻസിപി നിലപാടിനൊപ്പമാണ് കോൺഗ്രസും ശിവസേനയും. ഈ വിവാദത്തിനിടൊണ് സമീർ വാങ്കഡേയുടെ പരാതി.
















Comments