ന്യൂഡൽഹി: ദേശഭക്തി നിറയുന്ന താരാട്ടുപാട്ടുകൾ എഴുതാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിൽ പൗരൻമാരുടെ നിർദ്ദേശങ്ങൾ പങ്കുവെയ്‌ക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നമുക്കിവിടെ താരാട്ടുപാട്ടിന്റെ ചരിത്രം തന്നെ ഉണ്ട്. കുഞ്ഞുങ്ങൾക്ക് താരാട്ടു പാടിക്കൊടുക്കുന്നതിലൂടെ നമ്മുടെ സംസ്‌ക്കാരവും പകർന്നു നൽകുന്നു. നമ്മുടെ സംസ്‌ക്കാരത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നു. അതുകൊണ്ടാണ് അമൃതമഹോത്സവ കാലത്തിൽ ഈ ശാഖയെ പുനർജീവിപ്പിച്ചെടുക്കാൻ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദേശഭക്തിയുമായി ബന്ധപ്പെട്ട താരാട്ടുപാട്ടുകൾ എഴുതണം. അതിലൂടെ എല്ലാ വീട്ടിലേയും അമ്മമാർ കുഞ്ഞുങ്ങൾക്ക് പാട്ട് പാടി കേൾപ്പിക്കട്ടേ. ഇത്തരം താരാട്ടുപാട്ടിൽ ആധുനിക ഇന്ത്യയുടെ സ്പന്ദനം ഉണ്ടാകണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സ്വപ്നങ്ങൾ ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മനുഷ്യ മനസ്സിന്റെ ആന്തരിക ആത്മാവിനെ വികസിപ്പിക്കുന്നതിനും അന്തർയാമിയാകാനും പാട്ടും സംഗീതവും പോലെയുള്ള കലകൾ വലിയ പങ്കുവഹിക്കുന്നു. അമൃത മഹോത്സവത്തിലും നമ്മൾ നമ്മുടെ കലകൾ, സംസ്‌ക്കാരം, ഗാനങ്ങൾ, സംഗീതം എന്നിവയുടെ നിറങ്ങൾ നിറയ്‌ക്കണം. താരാട്ട്പാട്ട് മത്സരത്തിന് പുറമേ ദേശഭക്തിഗാന രചനയും ചിത്ര രചനയും ഉൾപ്പെടെയുളളവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ യുവാക്കൾക്ക് ദേശഭക്തിയുടെ ഇത്തരം ഗാനങ്ങൾ എഴുതുന്നതിലൂടെ ഈ പരിപാടിയിൽ കൂടുതൽ ഊർജ്ജം നിറയ്‌ക്കാൻ സാധിക്കും. ദേശ ഭക്തിഗാനങ്ങൾ മാതൃഭാഷയിലാകാം, ദേശീയ ഭാഷയിലാകാം, ഇംഗ്ലീഷിലും എഴുതാം. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ, വിവിധ ഭാഷകളിലെ ദേശഭക്തി ഗാനങ്ങളും സതുതി ഗീതങ്ങളും രാജ്യത്തെ മുഴുവൻ ഒന്നിപ്പിച്ചു. ഇപ്പോൾ അമൃതമഹോത്സവ കാലത്തും അതിന് പ്രസക്തിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശഭക്തിഗാനങ്ങൾ പുതിയ ഇന്ത്യയുടെ പുതിയ ചിന്തകൾ ഉൾക്കൊള്ളണം. രാജ്യത്തിന്റെ ഇപ്പോഴത്തെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ഭാവിയെ മുന്നിൽ കണ്ടു കൊണ്ടുമുള്ളതാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിറങ്ങളുടെ ഉത്സവമായ രംഗോലിയുടെ ആശയത്തിലും മത്സരം സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാംസ്‌കാരിക മന്ത്രാലയമാണ് മൂന്ന് മത്സരങ്ങളും സംഘടിപ്പിക്കുക. ഒക്ടോബറിന് 31 ന്, സർദാർ വല്ലഭായ് പട്ടേലിന്റെ ജയന്തിയോടു കൂടി മൂന്നു മത്സരത്തിനും തുടക്കം കുറിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
















Comments