തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചതിരിഞ്ഞ് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം പൂർണ്ണമായും പിൻവാങ്ങുമെന്നും അധികൃതർ അറിയിച്ചു.
മഴ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ കോട്ടയത്തിന്റെ കിഴക്കൻ പ്രദേശം കനത്ത ജാഗ്രതയിലാണ്. പുലർച്ചയോടെ ചാറ്റൽ മഴ മാത്രമാണ് പ്രദേശത്ത് ലഭിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ പെയ്ത മഴയിൽ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എന്നീ മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. നിലവിൽ കോട്ടയം ജില്ലയിൽ 36 ദുരിതാശ്വാസ ക്യാമ്പുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഏകദേശം 1110 കുടുംബങ്ങളാണ് ക്യാമ്പുകളിൽ ഉള്ളത്.
പത്തനംതിട്ടയിൽ ഇന്നലെ രാത്രിയോടെ ശക്തമായ മഴയ്‌ക്ക് ശമനം ഉണ്ടായിരുന്നു. പമ്പയിലും അച്ചൻകോവിലിലും കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല.
Comments