മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ വൻ ട്വിസ്റ്റ്. ഷാറൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്ക് ഇതിൽ പങ്കുണ്ടെന്നും കേസിലെ സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചു. കേസിലെ മറ്റൊരു സാക്ഷിയായ ഗോസാവിക്കും ഇതിൽ പങ്കുണ്ടെന്നാണ് ആരോപണം. ഇവർക്കിടയിൽ 18 കോടിയുടെ കൈക്കൂലി ഇടപാട് നടന്ന കാര്യവും തനിക്ക് അറിയാമെന്ന് പ്രഭാകർ സെയ്ൽ പറഞ്ഞു.
കേസിൽ സാക്ഷിപ്പട്ടികയിലുളള ഗോസാവിയുടെ ബോഡിഗാർഡാണ് പ്രഭാകർ സെയ്ൽ. ആഡംബര കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ല. എന്നാൽ എൻസിബി ഓഫീസിൽ വച്ച് സമീർ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി. എൻസിബി ഓഫീസിനകത്ത് വച്ച് കിരൺ ഗോസാവിയെന്ന തന്റെ ബോസ് അധികാരത്തോടെയാണ് പെരുമാറിയിരുന്നത്. ആര്യൻ ഖാനെ കൊണ്ട് ആരെയൊക്കെയോ ഫോണിൽ വിളിപ്പിക്കുന്ന വീഡിയോയും പ്രഭാകർ പങ്കുവെച്ചിട്ടുണ്ട്.
ആര്യൻ ഖാന്റെ അറസ്റ്റിന് പിറ്റേന്ന് ഗോസാവി ഷാറൂഖ് ഖാന്റെ മാനേജരെ കാണാൻ പോയിരുന്നു. യാത്രയ്‌ക്കിടെ കാറിൽ വെച്ച് സാം ഡിസൂസയെന്ന ഒരാളുമായി ലഭിക്കാൻ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടുവെന്ന് പ്രഭാകർ പറയുന്നു. 25 കോടി ചോദിക്കാമെന്നും 18 കോടി കിട്ടുമെന്നുമാണ് ഇവർ പറഞ്ഞത്. അതിൽ 8 കോടി സമീർ വാങ്കഡെയ്‌ക്ക് കൊടുക്കാമെന്നും സംസാരമുണ്ടായി. പിന്നീട് സാം ഡിസൂസയ്‌ക്ക് ഗോസാവി തന്ന 38 ലക്ഷം രൂപ കൊടുത്തുവെന്നും പ്രഭാകർ പറഞ്ഞു.
ഇയാൾ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എൻസിബിക്കെതിരായ വെളിപ്പെടുത്തലുകൾ. സമീർ വാങ്കഡെയിൽ നിന്ന് തന്റെ ജീവനും ഭീഷണിയുണ്ടെന്നാണ് പ്രഭാകർ പറയുന്നത്. ആഡംബര കപ്പലിൽ റെയ്ഡ് നടന്ന ദിവസം നാടകീയ രംഗങ്ങൾക്കാണ് താൻ സാക്ഷ്യംവഹിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം ഇത്തരം ആരോപണങ്ങൾ എൻസിബി തള്ളി. കേസ് ഒത്തുതീർക്കാൻ പണം കൈമാറിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് പ്രതികൾ ജയിലിൽ കിടക്കുന്നത് എന്നും ഇത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും എൻസിബി ഉദ്യോഗസ്ഥർ പ്രതികരിച്ചു. അന്വേഷണ ഏജൻസിയുടെ പ്രതിച്ഛായ മങ്ങിപ്പിക്കാനുളള ശ്രമങ്ങളാണ് ഇത്. സംഭവത്തിൽ വിശദമായ മറുപടി ഉടൻ നൽകുമെന്നും സമീർ വാങ്കഡെ പറഞ്ഞു.
















Comments