ബൊഗോട്ട: കൊളംബിയയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയയുടെ തലവനും സായുധസംഘത്തിന്റെ നേതാവുമായ ഡയറോ അന്റോണിയോ ഉസൂഗ പോലീസിന്റെ പിടിയിൽ. സൈന്യവും വ്യോമസേനയും പോലീസും ചേർന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ശനിയാഴ്ച ഓട്ടോണിയൽ എന്നറിയപ്പെടുന്ന ഡയറോ അന്റോണിയോ ഉസൂഗയെ പിടികൂടിയതെന്നാണ് റിപ്പോർട്ട്.വടക്കുപടിഞ്ഞാറൻ കൊളംബിയയിലെ ആന്റിയോക്കുല പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ നിന്നാണ് ഓട്ടോണിയലിനെ പോലീസിന് പിടികൂടാൻ സാധിച്ചത്. പനാമയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്.
യുഎസിലേയ്‌ക്ക് കൊക്കൈൻ കടത്തുക സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും വധിക്കുക, കുട്ടികളെ കടത്തിയ കേസ് തുടങ്ങി അനേകം കേസുകളിൽ ഒട്ടോണിയൽ പ്രതിയാണ്.
മുൻപ് ഇയാളെപ്പറ്റി വിശ്വസനീയമായ വിവരം നൽകുന്നവർക്ക് സർക്കാർ 60 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം തന്നെ അമേരിക്കൻ സർക്കാർ ഇയാളുടെ തലയ്‌ക്ക് അഞ്ച് മില്യൺ ഡോളർ (37 കോടി രൂപ)യും വിലയിട്ടിരുന്നു. ഓട്ടോണയലിനെ പിടികൂടിയ കാര്യം വീഡിയോ സന്ദേശത്തിലൂടെയാണ് സ്ഥിരീകരിച്ചത്. സംഭവത്തിൽ കൊളംബിയൻ പ്രസിഡന്റ് ഇവാൻ ഡക് സായുധസേനയെ പ്രശംസിച്ചു. രാജ്യത്ത് ഒരു നൂറ്റാണ്ടിനിടെ മയക്കുമരുന്നിനെതിരെ നടത്തുന്ന ഏറ്റവും വലിയ പോരാട്ടമാണ് ഇതെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും ശക്തമായ ക്രിമിനൽ സംഘമാണ് ഒട്ടോണിയലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘം. ഇവരുടെ കൈവശം വലിയ ആയുധശേഖരമുണ്ടെന്നും ഇവർ അപകടകാരികളാണെന്നും നേരത്തെ തന്നെ കൊളബിയൻ സൈന്യം വ്യക്തമാക്കിയിരുന്നു. വലിയ അന്താരാഷ്‌ട്ര ബന്ധങ്ങളുള്ള ഈ സംഘം കൊളംബിയയിലെ വിവിധ പ്രവിശ്യകളിൽ ശക്തമായ സാന്നിധ്യമാണ്. മയക്കുമരുന്ന് കടത്തിനു പുറമെ മനുഷ്യക്കടത്ത്, അനധികൃത സ്വർണഖനനം, പിടിച്ചുപറി എന്നിങ്ങനെ നിരവധി കേസുകളും ഇവർ നേരിടുന്നുണ്ട്.
Comments