തിരുവനന്തപുരം: വാടകയ്‌ക്ക് വീടെടുത്ത് നല്‍കാന്‍ സഹായത്തിനെത്തിയ സിപിഎം പ്രാദേശിക നേതാവ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി പോലീസ് ഒതുക്കി തീര്‍ത്തതായി ആരോപണം. സംഭവം നടന്നയുടനെ യുവതി സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയെങ്കിലും, ഇത് സ്വീകരിക്കാതെ പോലീസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നാണ് പറയുന്നത്. ഉന്നത സിപിഎം നേതാക്കളും കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ടതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ജൂലൈയില്‍ നടന്ന സംഭവത്തില്‍ ഇതുവരെ തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല. സാമൂഹിക ശാസ്ത്രജ്ഞ ജെ.ദേവികയാണ് തന്റെ സഹപ്രവര്‍ത്തകയ്‌ക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്.
യുവതി പരാതി നല്‍കി 10 ദിവസത്തിന് ശേഷമാണ് പരാതിക്കാരിക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്നും രസീത് നല്‍കുന്നത്. മൂന്ന് മാസം മുന്‍പാണ് സംഭവം നടക്കുന്നത്. എന്നാല്‍ ഇതുവരെ ആരോപണ വിധേയനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണം. ഇക്കഴിഞ്ഞ ജൂലൈയിലാണ് യുവതി പേരൂര്‍ക്കടയില്‍ വീട് അന്വേഷിച്ച് എത്തുന്നത്. സിപിഎമ്മിന്റെ പ്രാദേശിക നേതാവായിരുന്നു ബ്രോക്കര്‍. പോക്‌സോ കേസിലും ആരോപണ വിധേയനായിരുന്നു ഇയാള്‍. എന്നാല്‍ യുവതിക്ക് ഇത് അറിയില്ലായിരുന്നു. വീട്ടിനുള്ളിലെ സൗകര്യങ്ങള്‍ നോക്കുന്നതിനിടെ ഇയാള്‍ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. നിലവിളിച്ച് കൊണ്ട് പുറത്തേക്കോടിയ യുവതിയെ ഇയാള്‍ പിന്തുടര്‍ന്നു.
ഉടനെ തന്നെ പേരൂര്‍ക്കട സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും, പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന രീതിയിലായിരുന്നു അവിടെ ഉള്ളവരുടെ സമീപനം. പരാതി സ്വീകരിക്കണമെന്ന് യുവതി നിര്‍ബന്ധം പിടിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ ഇതിന് തയ്യാറായത്. രസീത് ആവശ്യപ്പെട്ടെങ്കിലും ആ സമയം കൊടുത്തില്ല. ആരോപണ വിധേയനായ സിപിഎം നേതാവിനെതിരെ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.
















Comments