ദുബായ്: ടി-20 ലോകകപ്പിൽ പാകിസ്താനോട് പരാജയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അടുത്ത തിരിച്ചടി. മത്സരത്തിൽ പാകിസ്താന്റെ ഷഹീൻ അഫ്രീദിയുടെ പന്ത് തോളിൽ തട്ടിയതിനെ തുടർന്ന് ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയ്‌ക്ക് പരിക്ക്. തുടർന്ന് താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കി.
മത്സരത്തിൽ താരം ഫീൽഡിങ്ങിന് ഇറങ്ങിയില്ല. ഹാർദിക്കിന് പകരം ഇഷാൻ കിഷനാണ് പിന്നീട് രണ്ടാം ഇന്നിങ്‌സിൽ മത്സരത്തിനിറങ്ങിയ്ത്. പരിക്കിനെ തുടർന്ന് ഹാർദിക്കിനെ സ്‌കാനിങ്ങിന് വിധേയനാക്കിയതായി ബിസിസിഐ അറിയിച്ചു. പരിക്ക് എത്രത്തോളം ഗുരുതരമെന്ന് വ്യക്തമല്ലെന്നും ബിസിസിഐ പറഞ്ഞു.
കുറച്ച് നാളുകൾക്ക് മുൻപ് തോളിനേറ്റ പരിക്കു കാരണം ഹാർദിക് ദീർഘനാളായി മത്സരങ്ങളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. പരിക്ക് ഭേദമായി തിരിച്ചെത്തിയ താരം ഇക്കഴിഞ്ഞ ഐപിഎല്ലിൽ ഉൾപ്പെടെ പന്ത് എറിഞ്ഞിരുന്നില്ല. ഇപ്പോളിതാ പിന്നെയും ഹാർദിക്കിന് അതേ വെല്ലുവിളി വീണ്ടും നേരിടേണ്ടി വന്നിരിക്കുകയാണ്.
Comments