കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൻ മാവുങ്കലുമായുള്ള ബന്ധം സംബന്ധിച്ച് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു. ഐജി ലക്ഷ്മണയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. മോൻസന്റെ കേസുകൾ അട്ടിമറിക്കാൻ ലക്ഷ്മണ ശ്രമിച്ചിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്താണ് ഇരുവരുടേയും മൊഴി എടുത്തത്. മോൻസന്റെ വീട്ടിൽ പോലീസ് ബീറ്റ് ബോക്‌സ് സ്ഥാപിക്കാൻ ഉത്തരവിട്ടതിനെ കുറിച്ചും, മ്യൂസിയം സന്ദർശിച്ചതിനെ കുറിച്ചുമാണ് ചോദിച്ചറിഞ്ഞത്. കേസിൽ എഡിജിപി മനോജ് എബ്രാഹാമിന്റെ മൊഴിയും എടുക്കും. ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം മൊഴിയെടുത്തത് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ അറിയിക്കും. മോൻസനെതിരായ കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അടിയന്തിരമായി ബെഹ്‌റയുടെ അടക്കം മൊഴി എടുത്തത്.
മോൻസനുമായി ലക്ഷ്മണയ്‌ക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന ആരോപണം പരാതിക്കാർ ഉന്നയിച്ചിരുന്നു. അറസ്റ്റ് നടന്ന ദിവസം മോൻസന്റെ മകളുടെ വിവാഹനിശ്ചയത്തിലും ലക്ഷ്മണ പങ്കെടുത്തിരുന്നു. ലക്ഷ്മണയും മോൻസനും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലക്ഷ്മണയുടെ മൊഴി എടുത്തത്.
മോൻസന്റെ മാനേജർ ആയിരുന്ന ജിഷ്ണുവിനേയും ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ഇയാളെ സാക്ഷിയാക്കാനാണ് നീക്കം. രാവിലെ 10 മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആണ് ജിഷ്ണുവിന് നിർദ്ദേശം നൽകിയിട്ടുള്ളത്. തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ തന്റെ കൈവശമുള്ള പെൻഡ്രൈവുകൾ നശിപ്പിക്കാൻ ജിഷ്ണുവിനെ ആയിരുന്നു ചുമതലപ്പെടുത്തിയത്. ജിഷ്ണുവിനെ കഴിഞ്ഞ ദിവസവും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മോൻസന്റെ പേരിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. മറ്റ് പെൺകുട്ടികളേയും സമാനമായ രീതിയിൽ മോൻസൻ ഉപയോഗിച്ചിരുന്നതായി ജിഷ്ണു ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.
മോൻസന്റെ മേക്കപ്പ്മാൻ ജോഷിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പോക്‌സോ കേസിൽ ഇന്ന് മോൻസന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഇയാളെ ഉടൻ കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് നീക്കം. അതേസമയം പുരാവസ്തു തട്ടിപ്പ് കേസിൽ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വീണ്ടും ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
















Comments