തിരുവനന്തപുരം : പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ സിനിമയിലെ ആദ്യ ഗാനം പുറത്ത്. സംഗീത സംവിധായകനായ ഹിഷാം അബ്ദുൾ വഹാബും ദർശന രാജേന്ദ്രനും ചേർന്ന് ആലപിച്ച ‘ദർശന’ എന്ന ഗാനമാണ് പുറത്തിറക്കിയത്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം ആരാധകർ ഗാനം ഏറ്റെടുത്തു കഴിഞ്ഞു. യൂട്യൂബിലെ ടോപ്പ് ട്രെൻഡിംഗ് ലിസ്റ്റിലാണ് ഗാനം. നടൻ മോഹൻലാലും ഗാനം പങ്കുവെച്ചിട്ടുണ്ട്.
അടുത്ത വർഷം ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രണവ് മോഹൻലാലിന്റെ റൊമാന്റിക് ലുക്ക് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. നേരത്തെ ഗാനത്തിന്റെ ടീസറും ആരാധക ലോകം ഏറ്റെടുത്തിരുന്നു. ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച അണിയറപ്രവർത്തകരേയും ഷൂട്ടിംഗും ഉൾക്കൊള്ളിച്ചുള്ളതായിരുന്നു ടീസർ.
സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിർമ്മിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സിനിമയുടെ സംവിധാനം കൂടാതെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്.
യുവ നടിമാരായ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരും മുൻനിരയിലുണ്ട്. ഹൃദയം തിയേറ്ററിലായിരിക്കും റിലീസ് ചെയ്യുക എന്ന് നിർമ്മാതാവ് വൈശാഖ് സുബ്രഹ്മണ്യം നേരത്തെ വ്യകതമാക്കിയിരുന്നു
















Comments