ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം നടക്കുന്ന സിംഘുവിൽ വീണ്ടും സംഘർഷം. ഒരു സംഘം ആളുകൾ കൂട്ടത്തോടെയെത്തി ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഘർഷമുണ്ടാക്കിയത് തങ്ങളല്ലെന്നും ഹിന്ദ് മസ്ദൂർ സമിതിയാണെന്നും കിസാൻ മോർച്ച ആരോപിച്ചു. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പോലീസ് വ്യക്തമാക്കി.
യുവാവിനെ കൊന്ന് ബാരിക്കേഡിൽ തൂക്കിയ സംഭവത്തിന് പിന്നാലെ പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 15നാണ് സിംഘു അതിർത്തിയിൽ ലഖ്ബീർ എന്ന 35കാരനെ കൈപ്പത്തിയും കാലുകളും വെട്ടിമുറിച്ച് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. സിഖ് മതഗ്രന്ഥത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് നിഹാംഗുകളാണ് കൊല നടത്തിയതെന്ന് പിന്നീട് കണ്ടെത്തിയുന്നു. സംഭവത്തിൽ പോലീസ് അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.
സമരം നടത്തുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി പലതവണ സുപ്രീം കോടതിയും എത്തിയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ എന്തിനാണ് സമരം നടത്തുന്നതെന്നാണ് സുപ്രീം കോടതി ചോദിച്ചത്. നിലവിൽ നിയമം നടപ്പിലാക്കുന്നതിന് ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയിട്ടുണ്ട്. സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ നിയമം നടപ്പിലാക്കില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പും നൽകിയിട്ടുണ്ട്. എന്നിട്ടും എന്തിനാണ് തെരുവിൽ പ്രതിഷേധം നടത്തുന്നതെന്നാണ് സുപ്രീം കോടതി ചോദിച്ചത്.
















Comments