ന്യൂഡൽഹി: മുംബൈ ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിലെ വിവാദ സാക്ഷി കിരൺ ഗോസാവിയെ പിടികൂടി. പൂനെ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർ പരിശോധനകൾക്കിടെ മുങ്ങിയ ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഉത്തർപ്രദേശിൽ ലക്‌നൗവിലെ ഒരു പോലീസ് സ്‌റ്റേഷനിൽ ഇയാൾ കീഴടങ്ങിയേക്കുമെന്ന് കഴിഞ്ഞ മൂന്ന് ദിവസമായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. മുംബൈയിൽ കീഴടങ്ങാൻ ഭയമുള്ളത് കൊണ്ട് ലക്‌നൗവിലെത്തി കീഴടങ്ങുമെന്നാണ് ഇയാൾ ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തോട് വ്യക്തമാക്കിയത്. എന്നാൽ ഗോസാവി ഉൾപ്പെട്ട കുറ്റകൃത്യത്തിന് യുപിയുമായി യാതൊരു ബന്ധവും ഇല്ലാത്ത സാഹചര്യത്തിൽ ഇയാൾക്ക് ലക്‌നൗവിൽ കീഴടങ്ങാനാകില്ലെന്ന് ലക്‌നൗ പോലീസ് കമ്മീഷണറും പറഞ്ഞിരുന്നു.
മുംബൈയിലെ ആഡംബര കപ്പിൽ എൻസിബി നടത്തിയ റെയ്ഡിന്റെ ദൃക്സാക്ഷികളിലൊരാളാണ് ഗോസാവി. ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ നടന്ന പരിശോധനയിലും പിന്നീട് ആര്യനൊപ്പം എൻസിബി ഓഫീസിലും ഗോസാവി ഉണ്ടായിരുന്നു. രണ്ടു സ്ഥലത്തുവച്ചും ആര്യനൊപ്പം ഇയാൾ ചിത്രീകരിച്ച സെൽഫി ചിത്രങ്ങളാണ് വിവാദത്തിനു വഴിവച്ചത്. ഗോസാവിയും ആര്യനും ഉൾപ്പെട്ട സെൽഫി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
എൻസിബി ഓഫീസിനുള്ളിൽ വച്ചാണ് ആര്യൻ ഖാനൊപ്പം വൈറലായ സെൽഫി ഗോസാവി എടുത്തത്. അതുകൊണ്ട് തന്നെ എൻസിബി ഉദ്യോഗസ്ഥനൊപ്പം നിൽക്കുന്ന ആര്യൻ ഖാൻ എന്ന തരത്തിലാണ് ചിത്രങ്ങൾക്ക് പ്രചാരം ലഭിച്ചതും. എന്നാൽ ഇയാൾ എൻസിബി ഉദ്യോഗസ്ഥനല്ലെന്നും, ഇയാൾക്ക് ഏജൻസിയുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി എൻസിബി ഉന്നത ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇയാൾ മുങ്ങിയത്. ഗോസാവിക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. 2018ൽ രജിസ്റ്റർ ചെയ്ത വഞ്ചന കേസുമായി ബന്ധപ്പെട്ടാണ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
















Comments