കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പു കേസിൽ റിമാൻഡിൽ കഴിയുന്ന മോൻസൻ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോൻസന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ പീഡിപ്പിച്ചിരുന്നതായി യുവതി ആരോപിച്ചു. മുൻ ജീവനക്കാരിയായ യുവതി ക്രൈംബ്രാഞ്ചിലാണ് പരാതി നൽകിയത്. സംഭവത്തിൽ യുവതിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
മോൻസന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികളെ ലൈഗികമായി പീഡിപ്പിച്ചിരുന്നുവെന്ന പരാതി നേരത്തെയും ഉയർന്നിരുന്നു. സ്ഥാപനത്തിലെ മാനേജർമാർ ഉൾപ്പെടയുള്ളവർ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മോൻസനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. മോൻസന്റെ വീട്ടിൽ ജോലിക്ക് നിന്ന പെൺകുട്ടിയെ തുടർവിദ്യാഭ്യാസം വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് പോക്സോ കേസാണ് രജിസ്റ്റർ ചെയ്തത്. ഇതിനിടെ പോക്‌സോ കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴി ബുധനാഴ്ച വൈകിട്ട് അന്വേഷണ സംഘം എടുത്തിരുന്നു.
മോൻസന്റെ സൗഹൃദവലയത്തിലുള്ള ഉന്നത നേതാക്കളും പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നതായി ആരോപണമുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. നിലവിൽ നവംബർ മൂന്ന് വരെ റിമാൻഡിലാണ് മോൻസൻ. കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യത്തെ തുടർന്നാണ് റിമാൻഡ് കാലാവധി നീട്ടിയത്.
















Comments