ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 ലോകകപ്പിൽ പാകിസ്താൻ നേടിയ വിജയം ഇസ്ലാമിന്റെ വിജയമാണെന്ന് പ്രശംസിച്ച പാക് മന്ത്രി ഷെയ്ഖ് റഷീദിനെ പരിഹസിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസറുദ്ദീൻ ഒവൈസി. ഷെയ്ഖ് റഷീദ് വട്ടുമനുഷ്യനാണെന്ന് ഒവൈസി പരിഹസിച്ചു. മുസാഫർനഗറിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് കളിയിൽ ഇസ്ലാമിനെന്താണ് കാര്യമെന്നും ഒവൈസി ചോദിച്ചു. ‘ ക്രിക്കറ്റ് മത്സരങ്ങളുമായി ഇസ്ലാമിന് എന്താണ് ബന്ധം? നമ്മുടെ പൂർവ്വികർ പാകിസ്താനിലേക്ക് പോകാതിരുന്നതിന് അള്ളാഹുവിനോട് നന്ദി പറയുന്നു. അല്ലെങ്കിൽ നമ്മൾ ആ വട്ടുമനുഷ്യനെ കാണേണ്ടി വന്നേനെ’ ഒവൈസി പറഞ്ഞു.
ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ വിജയം ഇസ്ലാമിന്റെ വിജയമാണെന്നായിരുന്നു ഷെയ്ഖ് റഷിദിന്റെ വിവാദ പരാമർശം. പാകിസ്താൻ നേടിയ വിജയം ഇന്ത്യയിലെ മുസ്ലീങ്ങൾ ഉൾപ്പെടെ എല്ലാ മുസ്ലീങ്ങളും ആഘോഷമാക്കുകയാണെന്നും ഷെയ്ഖ് റഷീദ് പറഞ്ഞു. ‘ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ ജയം മുസ്ലീങ്ങളുടെ വിജയമാണ്. ഇന്ത്യയിലെ മുസ്ലീങ്ങൾ ഉൾപ്പെടെ ലോകത്തെ എല്ലാ മുസ്ലീങ്ങളും ഈ നിമിഷം ആഘോഷമാക്കുകയാണ്. പാകിസ്താന്റെ ഫൈനൽ ഇന്നായിരുന്നു. പാകിസ്താനും ഇസ്ലാമും വിജയിക്കട്ടെ’ എന്നും ഷെയ്ഖ് റഷീദ് പറയുന്നു. ഷെയ്ഖ് റഷീദിന്റെ പ്രസ്താവനയ്‌ക്കെതിരെ പല കോണുകളിൽ നിന്നും രൂക്ഷ വിമർശനം ഉയർന്നിരുന്നു.
















Comments