തിരുവനന്തപുരം:പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരായ അന്വേഷണം തൃപ്തികരമായി പോകുന്നതായി ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. മോൻസൻ തട്ടിപ്പുകാരനാണെന്ന് സംശയം നേരത്തെ ഉണ്ടായിരുന്നു. പത്തിലധികം കേസ് ഇതിനോടകം മോൻസനെതിരെ ചുമത്തിയിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്ത് നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
ബെഹ്‌റ ആവശ്യപ്പെട്ട പ്രകാരമാണ് മനോജ് എബ്രഹാം ഒപ്പം പോയതെന്നും സർക്കാർ ന്യായീകരിച്ചു. ബെഹ്‌റ സന്ദർശിച്ച വേളയിൽ മോൻസനെതിരെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നില്ല. മോൻസന്റെ അപേക്ഷ പരിഗണിച്ചാണ് ബീറ്റ് ബോക്‌സ് വീട്ടിൽ സ്ഥാപിച്ചത്. ലോക്‌നാഥ് ബെഹ്‌റ മ്യൂസിയത്തിൽ പോയത് പുരാവസ്തുക്കൾ കാണാനാണെന്നും സർക്കാർ വിശദീകരിച്ചു.
അതിനിടെ മോൻസനെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മോൻസന്റെ ഡ്രൈവർ അജിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായാണ് അജിയോട് ഹാജരാകാൻ നിർദ്ദേശിച്ചത്. പോലീസ് ഭീഷണിപ്പെടുത്തിയെന്ന അജിയുടെ ആരോപണങ്ങൾ തെറ്റാണെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.
Comments