ബംഗളൂരു: ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരി നാളെ ജയിലിൽ നിന്നും പുറത്തിറങ്ങും. സഹോദരൻ ബിനോയ് കോടിയേരിയാണ് ഇക്കാര്യം അറിയിച്ചത്. വളരെ അധികം സന്തോഷമുണ്ടെന്നും ജയിൽ മോചനത്തിന് വേണ്ടി സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും ബിനോയി അറിയിച്ചു.
നാളെ വൈകുന്നേരത്തിനുള്ളിൽ ബിനീഷ് ജയിലിൽ നിന്നും പുറത്തിറങ്ങും. ഇതിനായുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ബിനോയി കോടിയേരി വ്യക്തമാക്കി. ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് ബിനീഷിന് കോടതി ജാമ്യം ലഭിച്ചത്.
അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം നൽകണം. വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ട് പോകരുത്. വിചാരണ കോടതി വിളിപ്പിക്കുമ്പോൾ ഹാജരാകണം. സമാന കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ പാടില്ലെന്നുമാണ് ഉപാധികൾ. അറസ്റ്റിലായി നാളെ ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് ജാമ്യം.
















Comments