ന്യൂഡൽഹി: ജി-20 ഉച്ചകോടിയിലും കാലാവസ്ഥാ ഉച്ചകോടിയായ കോപ് 26ലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇറ്റലി-ബ്രിട്ടൺ സന്ദർശനം ഇന്ന് മുതൽ. നവംബർ രണ്ട് വരെയാണ് സന്ദർശനം.
30,31 തിയതികളിലായി റോമിൽ വച്ചാണ് ജി-20 ഉച്ചകോടി നടക്കുന്നത്. കൊറോണ, കാലാവസ്ഥ വ്യതിയാനം, അഫ്ഗാനിസ്താൻ, ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങിയ വിഷയങ്ങളാകും റോം ഉച്ചകോടിയിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി ഉൾപ്പെടെയുള്ള രാഷ്‌ട്രത്തലവൻമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയെയും സന്ദർശിക്കും.
ജി-20 അധ്യക്ഷ പദവിയിലുള്ള ഇറ്റലിയുടെ പ്രധാനമന്ത്രി ദ്രാഗിയുടെ പ്രത്യേക ക്ഷണം മോദിക്ക് ലഭിച്ചിരുന്നു. 2023ൽ ജി-20 ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്. അതേസമയം യുഎൻ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 26 ഞായറാഴ്ച മുതൽ നവംബർ 12 വരെ ബ്രിട്ടനിലെ ഗ്ലാസ്ഗോയിലാണ് നടക്കുന്നത്. 120 രാഷ്‌ട്രത്തലവന്മാർ ഇതിൽ പങ്കെടുക്കും. ഇതിൽ നവംബർ 1, 2 തിയതികളിലായി നടക്കുന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നത്.
















Comments