പാലക്കാട്; എലപ്പുള്ളി, വാളയാർ ലോക്കൽ സമ്മേളനങ്ങളിൽ സംഘടനാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗൗരവത്തോടെ കാണുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്. എലപ്പുള്ളിയും വാളയാറും പാർട്ടി അച്ചടക്കം ലംഘിക്കപ്പെട്ടതായി വിലയിരുത്തിക്കൊണ്ടാണ് പ്രസ്താവനയിൽ ജില്ലാ സെക്രട്ടറിയേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
അതിനിടെ വാളയാർ, എലപ്പുള്ളി ലോക്കൽ കമ്മറ്റി വിഭജനം ജില്ലാ സെക്രട്ടറിയേറ്റ് റദ്ദാക്കുകയും ചെയ്തു. എ പ്രഭാകരൻ എംഎൽഎയുടെ പരാതിയെ തുടർന്നാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വത്തിനുമാണ് പ്രഭാകരൻ പരാതി നൽകിയത്.
വാളയാറിലുണ്ടായ വിഷയം അന്വേഷിക്കാനും ശക്തമായ നടപടി സ്വീകരിക്കാനും സെക്രട്ടറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വാളയാർ ലോക്കൽ സമ്മേളനം കയ്യാങ്കളിയിലെത്തിയിരുന്നു. ലോക്കൽ കമ്മറ്റി വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്. കസേരകളും മേശകളും തല്ലി തകർത്തു.
ലോക്കൽ കമ്മറ്റി പിടിച്ചെടുക്കാൻ ഒരു വിഭാഗം ശ്രമിച്ചുവെന്ന ആരോപണമാണ് തർക്കത്തിന് കാരണം. സംഭവത്തിൽ പ്രതിഷേധിച്ച് സ്ത്രീകൾ അടക്കമുളള ഒരു വിഭാഗം പ്രവർത്തകർ സ്റ്റേജിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
34 ബ്രാഞ്ച് കമ്മിറ്റികളാണ് വാളയാർ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ ഉണ്ടായിരുന്നത്. അത് വാളയാർ, ചുള്ളിമട എന്നിങ്ങനെ വിഭജിക്കാനായിരുന്നു തീരുമാനം. ചുള്ളിമടയ്‌ക്ക് കീഴിൽ 20 ബ്രാഞ്ച് കമ്മിറ്റികളും വാളയാറിന് കീഴിൽ 14 ബ്രാഞ്ച് കമ്മിറ്റികളുമായാണ് നിശ്ചയിച്ചത്. ഇതാണ് തർക്കത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചത്.
എലപ്പുളളി വെസ്റ്റ് ലോക്കൽ സമ്മേളനവും തർക്കത്തിനും സംഘർഷത്തിനും വേദിയായിരുന്നു. തർക്കത്തെ തുടർന്ന് നിർത്തിവച്ച പേട്ട ബ്രാഞ്ച് സമ്മേളനം നടത്താതെ എലപ്പുള്ളി ബ്രാഞ്ച് സമ്മേളനം നടത്തിയതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. സമ്മേളന ഹാളിലേക്ക് പ്രതിഷേധവുമായി ഒരുവിഭാഗം എത്തിയതോടെ സംഘർഷാവസ്ഥയിലേക്ക് നീങ്ങി. പിന്തുണയില്ലാത്തയാളെ ബ്രാഞ്ച് സെക്രട്ടറിയാക്കിയെന്ന് ആരോപിച്ച് ഒമ്പത് അംഗങ്ങൾ സമ്മേളനം ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.
















Comments