മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യ വ്യവസ്ഥകൾ വ്യക്തമാക്കുന്ന ഉത്തരവ് പുറത്തിറങ്ങി. ആര്യൻ ഖാന് പുറമെ അർബ്ബാസ് മർച്ചന്റ്, മുൺമുൻ ദമേച്ച എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. നടി ജൂഹി ചൗളയാണ് ആര്യൻ ഖാന് വേണ്ടി ആൾ ജാമ്യം നിന്നത്. പതിനാലോളം ജാമ്യ വ്യവസ്ഥകളാണ് ഉത്തരവിലുള്ളത്.
ജാമ്യം ലഭിച്ച മൂന്ന് പേരും ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവെയ്‌ക്കണം. എല്ലാ വെള്ളിയാഴ്‌ച്ചയും 11 മണിക്കും രണ്ട് മണിയ്‌ക്കും ഇടയിൽ എൻസിബി ഓഫീസിൽ ഹാജരാകണം. കോടതി വിചാരണ സമയത്തും അന്വേഷണ സമയത്തും ആവശ്യപ്പെട്ടാൽ എത്തിച്ചേരണമെന്നും ഉപാധികളിൽ പറയുന്നു. തെളിവ് നശിപ്പിക്കാനും മുൻകൂർ അനുമതിയില്ലാതെ രാജ്യംവിടാനും പാടില്ല. മൂന്ന് പേരും പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. സമാനരീതിയിലുള്ള കേസുകളിൽ ഉൾപ്പെടരുത്. കേസിൽ വിചാരണ ആരംഭിച്ചാൽ വൈകിപ്പിക്കാനാകില്ല. മുംബൈയ്‌ക്ക് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. മാദ്ധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്തരുത്. വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് സമീപിക്കാമെന്നും വ്യവസ്ഥകളുണ്ട്.
ഒക്ടോബർ എട്ട് മുതൽ മുംബൈ ആർതർ റോഡ് ജയിലിലായിരുന്നു ആര്യൻ. ജസ്റ്റിസ് നിതിൻ ഡബ്ല്യൂ സാംബ്രെയാണ് ആര്യൻ ഉൾപ്പെടെ മറ്റ് രണ്ട് പേർക്കും ജാമ്യം അനുവദിച്ചത്. നേരത്തെ രണ്ട് തവണ വിചാരണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഒക്ടോബർ രണ്ടിനാണ് ആര്യൻ ഉൾപ്പെടെ എട്ട് പേരെ എൻസിബി അറസ്റ്റ് ചെയ്യുന്നത്. ആര്യൻ ഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോഹ്ത്തഗിയാണ് ഹൈക്കോടതിയിൽ ഹാജരായത്.
Comments