കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യം ലഭിച്ച താഹ ഫസൽ ജയിൽ മോചിതനായി. തന്റെ മോചനം യുഎപിഎ ചുമത്തിയ സംസ്ഥാന സർക്കാരിനുള്ള തിരിച്ചടിയാണെന്ന് പുറത്തിറങ്ങിയ ശേഷം താഹ പ്രതികരിച്ചു. ഇന്നലെയായിരുന്നു താഹയ്‌ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് താഹ സുപ്രീം കോടതിയെ സമീപിച്ചത്.
വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന താഹയെ ഇന്ന് വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു കോടതിയിൽ ഹാജരാക്കിയത്. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യമായ തുകയുടെ രണ്ട് ആൾ ജാമ്യത്തിലുമാണ് താഹയെ ജയിലിൽ നിന്നും മോചിപ്പിക്കാൻ എൻഐഎ കോടതി ഉത്തരവിട്ടത്. ആൾ ജാമ്യം നിൽക്കുന്നത് ഉറ്റ ബന്ധുക്കളാകണമെന്നായിരുന്നു കോടതി നിർദ്ദേശം.
മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്രാജാണ് താഹക്ക് വേണ്ടി കോടതിയിൽ ഹാജരായത്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത് നിയമവിരുദ്ധമാണ് എന്നാണ് അദ്ദേഹം വാദിച്ചത്. എൻഐഎക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവാണ് ഹാജരായത്. നിരോധിത സംഘടനയിൽപ്പെട്ട യുവാക്കാൾക്ക് ജാമ്യം നൽകരുത് എന്നായിരുന്നു എൻഐഎയുടെ വാദം.
2019 നവംബർ ഒന്നിനാണ് അലനേയും താഹയേയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളിൽ കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിൽ അലനും താഹയ്‌ക്കും നേരത്തെ വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അലന്റെ ജാമ്യം ശരിവെച്ച ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. തുടർന്നാണ് കേസ് സുപ്രീം കോടതിയിൽ എത്തിയത്.
Comments