ദുബായ്: ലോകക്രിക്കറ്റിൽ ഏതു ടീമിനേയും അട്ടിമറിക്കാൻ ശേഷിയുള്ള വരാണ് തങ്ങളെന്ന് അവസാന നിമിഷം വരെ തെളിയിച്ച് അഫ്ഗാൻ. ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താനെതിരെ അത്രമികച്ച പോരാട്ടവീര്യമാണ് അഫ്ഗാൻ പുറത്തെടുത്തത്. സെമിഫൈനൽ ഉറപ്പിച്ച പ്രകടനത്തിലൂടെ പാകിസ്താൻ 5 വിക്കറ്റിനാണ് അഫ്ഗാനെ പരാജയപ്പെടുത്തിയത്. 19-ാം ഓവറിൽ ആസിഫ് അലി നടത്തിയ വെടിക്കെട്ടാണ് (7 പന്തിൽ 25 റൺസ്) അഫ്ഗാന്റെ ശക്തമായ ചെറുത്തുനിൽപ്പിനെ നിഷ്പ്രഭമാക്കിയത്. ആറു വിക്കറ്റിന് 147 റൺസെടുത്ത അഫ്ഗാന്റെ സ്‌കോർ മറികടക്കാൻ (5 ന് 148) പാക് നിരയ്‌ക്ക് 19-ാം ഓവർവരെ കാക്കേണ്ടിവന്നു.
ശക്തമായ പാക് ബൗളിംഗ് നിരയ്‌ക്കെതിരെ ധീരമായി ബാറ്റ് വീശുന്ന അഫ്ഗാൻ നിരയെയാണ് ഇന്നലെ ദുബായ് കണ്ടത്. അരക്ഷിതമായ ജീവിത സാഹചര്യത്തിലും കായികകരുത്ത് എങ്ങനെ നിലനിർത്താമെന്നതിന് ലോകത്തിന് മാതൃകയാവു കയാണ് അഫ്ഗാൻ. ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറായി മാറിക്കഴിഞ്ഞ റഷീദ് ഖാനും ഏതു ടീമും സ്വന്തമാക്കാൻ കൊതിക്കുന്ന മികച്ച നായകനാണ് താനെന്ന് മുഹമ്മദ് നബിയും ഓരോ മത്സരത്തിലൂടേയും തെളിയിക്കുകയാണ്.
നിർണ്ണായക നിമിഷത്തിൽ ഒത്തിണക്കത്തോടെ കളിക്കുന്ന അഫ്ഗാനെതിരെ അന്താരാഷ്‌ട്ര മത്സരങ്ങളുടെ പരിചയ സമ്പന്നത കൊണ്ട് മാത്രമാണ് ഇന്നലെ പാകിസ്താൻ ജയിച്ചത്. അവസാന രണ്ട് ഓവർ അത്രയേറെ നിർണ്ണായകമാക്കി പാക് നിരയെ സമ്മർദ്ദത്തിലാക്കാൻ അഫ്ഗാന് സാധിച്ചു. മികച്ച ബൗളിംഗിലൂടേയും ഫീൽഡിംഗിലൂടേയും നവീൻ ഉൾഹഖും ഇന്നലെ മികച്ച പ്രകടനമാണ് നടത്തിയത്. ലോകകപ്പിന് തൊട്ടുമുമ്പായി താലിബാൻ ഭരണം പിടിച്ചതിലൂടെ അരക്ഷിതാവസ്ഥയിലായ ടീം ദുബായിലെത്തിയാണ് ലോകകപ്പിനായി തയ്യാറെടുത്തത്.
















Comments