റോം: പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ചത് മാർപാപ്പയ്‌ക്കായി പ്രത്യേകം നിർമ്മിച്ച മെഴുകുതിരി കാലുകൾ. വെള്ളിയിൽ തീർത്ത മെഴുകുതിരി പീഠമാണിത്. ദ ക്ലൈമറ്റ് ക്ലൈമ്പ് എന്ന പുസ്തകവും പ്രധാനമന്ത്രി മാർപാപ്പയ്‌ക്ക് സമ്മാനിച്ചു. ഒരു മണിക്കൂറിലധികം നേരമാണ് ഇരുവരുടേയും കൂടിക്കാഴ്‌ച്ച നീണ്ടത്.

ഒലീവിന്റെ ചില്ല പതിച്ച ഒരു വെങ്കല ഫലകമാണ് മാർപാപ്പ പ്രധാനമന്ത്രിയ്‌ക്ക് നൽകിയത്. ഒലീവിലെ ബൈബിളിൽ പ്രതീക്ഷയുടെ അടിയാളമാണ്. ഒലീവിന്റെ ചില്ലയുള്ള ഫലകത്തിൽ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ മരുഭൂമി ഫലപുഷ്ടിയുള്ളതാകും എന്ന വചനം ആലേഖനം ചെയ്തിട്ടുണ്ട്.

ഊഷ്മളമായ കൂടിക്കാഴ്‌ച്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങൾ ചർച്ചയായെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ലോക സമാധാനം, കാലാവസ്ഥാ വ്യതിയാനം, കൊറോണ പ്രതിരോധം, മതപീഡനങ്ങൾ, മനുഷ്യാവകാശ സംരക്ഷണം, ഭക്ഷ്യ ക്ഷാമം തുടങ്ങിയ ആഗോള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിയ്‌ക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻസമയം ഉച്ചയ്‌ക്ക് 12 മണിയോടെ മാർപാപ്പയുടെ വസതിയായ വത്തിക്കാൻ പാലസിലേക്ക് പ്രധാനമന്ത്രി എത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയെ അനുഗമിച്ചു.
















Comments