മുംബൈ: ഡിസൈനർ സബ്യ സാചിയുടെ പരസ്യം വീണ്ടും വിവാദത്തിൽ മംഗല്യ സൂത്ര കളക്ഷന്റെ പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്. പരസ്യത്തിൽ മോഡലുകൾ അർധനഗ്നരായി പ്രത്യേക്ഷപ്പെട്ടതാണ് വിവാദത്തിന് കാരണം. ഹിന്ദു വിവാഹത്തെ അപമാനിക്കുന്ന തരത്തിലുള്ള പരസ്യമെന്ന് കാണിച്ച് സബ്യ സാചിയ്‌ക്കെതിരെ ബിജെപി പരാതി നൽകി. മഹാരാഷ്‌ട്ര ബിജെപിയാണ് വക്കീൽ നോട്ടീസ് അയച്ചത്.
വിവാഹ ചടങ്ങുകളുടെ ഭാഗമായി ഉപയോഗിക്കുന്ന പവിത്രമമായ മംഗല്യ സൂത്രത്തെ ഇത്തരത്തിൽ ചിത്രീകരിച്ച് മതവികാരം വ്രണപ്പെടുത്തിയെന്നാണ് ഉയരുന്ന ആരോപണം. പരസ്യത്തിൽ മോഡലുകളായ സ്ത്രീകൾ അൽപ്പവസ്ത്രധാരികളും പുരുഷന്മാർ ഷർട്ട് ഇടാതെയുമാണ് അഭിനയിച്ചിരിക്കുന്നത്. പരസ്യം സബ്യ സാചി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്.
നഗ്നതയും വൃത്തികേടും കാണിച്ച് വിൽക്കേണ്ടതല്ല മംഗല്യ സൂത്ര. ഈ പരസ്യത്തിലൂടെ സംസ്‌കാരത്തെ അവഹേളിക്കുകയാണ് ചെയ്യുന്നതെന്നും വിമർശനം ഉയരുന്നു. പരസ്യം റിപ്പോർട്ട് ചെയ്യാനും സബ്യ സാചിയെ ബഹിഷ്‌കരിക്കാനും ക്യാമ്പെയ്ൻ നടക്കുന്നുണ്ട്. ഇന്റിമേറ്റ് ഫൈൻ ജ്വല്ലറി എന്നാണ് സബ്യ സാചിയുടെ മംഗൾസൂത്ര കളക്ഷന്റെ പേര്. 1.65 ലക്ഷം മുതലാണ് വില.
ഹിന്ദു വിവാഹങ്ങളിൽ വധു ധരിക്കുന്ന പവിത്രമായ ചരടാണ് മംഗല്യസൂത്രം. വിശുദ്ധമായ വിവാഹബന്ധത്തിന്റെ സൂചകമായി വരൻ വധുവിന്റെ കഴുത്തിൽ ചാർത്തിക്കൊടുന്നതാണിത്. സാധാരണ മംഗല്യസൂത്രത്തിൽ കറുത്ത മുത്തുകളുള്ള രണ്ട് ചരടുകളും ഒരു പെൻഡന്റുമാണ് ഉണ്ടാകുന്നത്.















