ന്യൂഡൽഹി : സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനത്തിൽ ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സർദാർ സാഹിബിന്റെ സമർപ്പണവും വിശ്വസ്ഥതയും മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടവും ത്യാഗവും വേറിട്ട് നിൽക്കുന്നതാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വേണ്ടി സ്വയം സമർപ്പിക്കാൻ ഓരോ ഇന്ത്യക്കാരനെയും ഇത് പ്രേരിപ്പിക്കുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
ഏകീകൃത ഇന്ത്യയുടെ മഹാനായ ശിൽപ്പിയാണ് സർദാർ വല്ലഭഭായ് പട്ടേൽ. ശക്തമായ ഇച്ഛാശക്തിയും ഉറച്ച നേതൃത്വവും അദമ്യമായ ദേശസ്‌നേഹവും ഉള്ള ഒരു വ്യക്തിക്ക് എങ്ങനെയാണ് രാജ്യത്തിനുള്ളിലെ എല്ലാ നാനാത്വങ്ങളെയും ഒന്നാക്കി മാറ്റാനും ഏകീകൃത രാഷ്‌ട്രത്തിന്റെ രൂപം നൽകാനും കഴിയുന്നതെന്ന് സർദാർ പട്ടേലിന്റെ ജീവിതം നമുക്ക് പഠിപ്പിച്ച് തരുന്നു.
രാജ്യത്തിന്റെ ഏകീകരണത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയ്‌ക്ക് ഭരണപരമായ അടിത്തറ പാകുന്നതിനും അദ്ദേഹം നിരന്തരം പ്രയത്‌നിച്ചിരുന്നു. ദേശീയ ഏകതാ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നതായും അമിത് ഷാ അറിയിച്ചു. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനെന്ന് അറിയപ്പെടുന്ന സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാ ദിനമായി 2014 മുതലാണ് ആചരിച്ചത് തുടങ്ങിയത്.
Comments