തിരുവനന്തപുരം: ഒടുവിൽ സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കുകയാണ്. ആശങ്കകൾക്കും വാദപ്രതിവാദങ്ങൾക്കും വിരാമമിട്ട് സ്‌കൂളുകളിൽ നാളെ ബെല്ലടികൾ മുഴങ്ങും. ഒരു വലിയ ഇടവേളയ്‌ക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന ഉറപ്പ്. കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുമ്പോൾ എല്ലാവരും ഒരുപോലെ മുൻകരുതൽ പാലിക്കണമെന്നും മഹാമാരിയുടെ പശ്ചാത്തലത്തിൽ മാസ്‌ക് ധരിക്കുക എന്നത് അത്യധികം പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
പിണറായി എ.കെ.ജി. മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാലയത്തിലെത്തുന്ന കുട്ടികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവർ എന്ന നിലയ്‌ക്ക് മാതാപിതാക്കൾ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 8.30ന് തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലാണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്‌കൂൾ തുറക്കുന്നതെന്നാണ് വിദ്യാഭ്യാസവകുപ്പും വ്യക്തമാക്കുന്നത്. 2400 തെർമൽ സ്‌കാനറുകൾ സ്‌കൂളുകളിലേക്ക് വിതരണം ചെയ്തു. ആദ്യ രണ്ടാഴ്ച ഹാജർ രേഖപ്പെടുത്തില്ല. ആത്മവിശ്വാസം കൂട്ടുന്നതിനായുള്ള പഠനമാകും ആദ്യ ആഴ്ചകളിൽ. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഇനിയും വാക്‌സിനെടുക്കാത്ത 2,282 അധ്യാപകരോട് തത്കാലത്തേക്ക് സ്‌കൂളിലേക്ക് വരരുതെന്നും നിർദേശമുണ്ട്. അതേസമയം രണ്ട് ഡോസ് വാക്‌സിനെടുക്കാത്ത രക്ഷിതാക്കളുടെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്ന നിർദേശമില്ല. 8, 9 ക്ലാസുകൾ ഒഴികെ ബാക്കി ക്ലാസുകളും ഒന്നിന് തന്നെ തുടങ്ങും. 15 മുതലാകും 8, 9 ക്ലാസുകൾ ആരംഭിക്കുക.
















Comments