മുംബൈ: ഭർത്താവിന്റേയും കുടുംബത്തിന്റേയും ജീവൻ അപകടത്തിലെത്ത് സമീർ വാങ്കഡെയുടെ ഭാര്യ ക്രാന്തി രേധ്കർ. കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ക്രാന്തി പറഞ്ഞു. കഴിഞ്ഞ ദിവസം മൂന്ന് പേർ വീടിന്റെ പരിസരത്ത് എത്തി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവർ അപകടകാരികളാണെന്നും എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും ക്രാന്തി ആശങ്ക പ്രകടിപ്പിച്ചു.
വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് നൽകും. സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുമെന്നും ക്രാന്തി പറഞ്ഞു. കുട്ടികൾ വളരെ ചെറുപ്പമാണ്. അവരുടെ സുരക്ഷയ്‌ക്ക് തങ്ങൾ അതീവ പ്രാധാന്യം നൽകുന്നുണ്ട്. താനും സമീറും വീട്ടിലില്ലാത്തപ്പോൾ അവരുടെ സുരക്ഷ ആശങ്കയിലാണെന്നും എന്തെങ്കിലും സംഭവിച്ചാൽ ആര് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ക്രാന്തി ചോദിച്ചു.
തന്റെ കുടുംബത്തിനെതിരെ അനാവശ്യ ആരോപണം ഉന്നയിക്കുന്നവരെ ഇനി നിയമപരമായി നേരിടുമെന്നും ക്രാന്തി അറിയിച്ചു. ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെ സമീർ വാങ്കഡെയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. മുസ്ലിം ആയിരുന്നിട്ടും സമീർ വാംങ്കഡെ യുപിഎസ്‌സി പരീക്ഷയിൽ സംവരണം ലഭിക്കാൻ പട്ടികജാതി എന്നാക്കി മാറ്റിയെന്നായിരുന്നു നവാബ് മാലിക്കിന്റെ ആരോപണം.
ആദ്യ ഭാര്യയായ ഷബാന ഖുറേഷിയുടെ ചിത്രവുമായും നവാബ് മാലിക് രംഗത്തെത്തിയിരുന്നു. നവാബ് മാലിക്കിന്റെ പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ക്രാന്തി പറഞ്ഞു. സമൂഹത്തിന് മുന്നിൽ തങ്ങളെ അപമാനിക്കാനാണ് നവാബ് ഇങ്ങനെ ചെയ്യുന്നത്. വ്യാജ ആരോപണങ്ങൾക്കെതിരെ ഇനി മൗനം പാലിക്കില്ലെന്നും നേരിടുമെന്നും ക്രാന്തി കൂട്ടിച്ചേർത്തു.
















Comments