ന്യൂയോർക്ക്: ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനായി യുവസമൂഹം അവസരത്തിനൊത്തുയരണമെന്ന ആഹ്വാനവുമായി ഐക്യരാഷ്‌ട്രസഭ. ഗ്ലാസ്‌ഗോയിലെ കാലാവസ്ഥാ ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസിന്റെ ആഹ്വാനം. ലോകരാഷ്‌ട്രങ്ങൾ കാലാവസ്ഥാ വിഷയങ്ങളിൽ കാണിക്കുന്ന അലംഭാവങ്ങൾക്കെതിരെ പ്രതികരിക്കണമെന്ന ശക്തമായ നിർദ്ദേശമാണ് അന്റോണിയോ ഗുട്ടാറസ് യുവാക്കൾക്കുമുന്നിൽ വച്ചിട്ടുള്ളത്.
മനുഷ്യസമൂഹത്തിന്റെ നാശത്തിലേക്കുള്ള ചുവപ്പ് വെളിച്ചം തെളിഞ്ഞിരിക്കുന്നുവെന്നാണ് ഗുട്ടാറസ് മുന്നറിയിപ്പു നൽകിയത്. ലോകം മുഴുവൻ ഒരു നൂറ്റാണ്ടിനിടെയുണ്ടായ എല്ലാ വലിയ പ്രളയങ്ങൾക്കും ഈ ദശകം സാക്ഷിയായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലം ഓർമ്മിപ്പിച്ചാണ് ഗുട്ടാറസിന്റെ ആഹ്വാനം. അപകട സൂചനയാണ് കാലം നൽകുന്നതെന്നും യുവസമൂഹം ശക്തമായ സമ്മർദ്ദം ലോകനേതാക്കളുടെ മേൽ ചെലുത്തുകമാത്രമാണ് പോംവഴിയെന്നും ഗുട്ടാറസ് പറഞ്ഞു.
‘ഞങ്ങൾക്കാവശ്യം നിങ്ങളുടെ നേതൃത്വമാണ്. ഭാവിക്കായുള്ള ധാർമ്മിക കരുത്ത് നിങ്ങളുടേ താണ്. മാത്രമല്ല സമകാലിക കാലഘട്ടത്തിൽ നിങ്ങളുടെ ശബ്ദമാണ് നിർണ്ണായകം. അത് നിങ്ങളുടെ പ്രവർത്തന പരിചയത്തിലും കാര്യക്ഷമതയിലും എത്തിപ്പിടിക്കാനിരിക്കുന്ന നേട്ടങ്ങളിലൂടേയും പ്രതിഫലിക്കണം.’ ഗുട്ടാറസ് പറഞ്ഞു.
ജി20 ഉച്ചകോടിയിൽ ആഗോള തലത്തിൽ ശക്തമായ തീരുമാനങ്ങൾ എടുത്ത ശേഷമാണ് ലോകരാഷ്‌ട്രങ്ങൾ സ്‌കോട്‌ലാന്റിലെ ഗ്ലാസ്‌ഗോയിൽ ഒത്തുചേർന്നിരിക്കുന്നത്. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ മാത്രം അനുഭവിച്ചിരുന്ന പ്രളയത്തെ അഭിമുഖീകരിക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഗ്ലാസ്‌ഗോയിൽ എത്തിയത്.
Comments