ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾ നടക്കാനിരിക്കെ സകല മുന്നൊരുക്കങ്ങളുമായി തയ്യാറെടുക്കുകയാണ് രാജ്യതലസ്ഥാനം. ഡൽഹി ഫയർ സർവീസിന്റെ നേതൃത്വത്തിൽ മൂവായിരത്തോളം അഗ്നിശമനസേനാ ഉദ്യോഗസ്ഥരെ സജ്ജമാക്കി.
തീപിടിത്ത സാധ്യതകളും അപകടങ്ങളും മുന്നിൽ കണ്ട് ദീപാവലി ദിനമായ നവംബർ നാലിന് മാത്രം 2,800ഓളം ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കായി നിശ്ചയിച്ചിരിക്കുന്നത്. 64 ഫയർ സ്റ്റേഷനുകൾക്ക് പുറമേ 30 ഫയർ പോസ്റ്റുകൾ കൂടി സ്ഥാപിച്ചിട്ടുണ്ട്.
തീപിടിത്തവുമായി ബന്ധപ്പെട്ട് വന്നേക്കാവുന്ന മുഴുവൻ ഫോൺവിളികളും കൈകാര്യം ചെയ്യും. അതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ഡൽഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് അറിയിച്ചു.
ഇടുങ്ങിയ പാതകൾ, ഇടവഴികൾ, ചെറിയ തെരുവുകൾ എന്നിവിടങ്ങളിലൂടെ അഗ്നിശമനസേന ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കുന്നതിനായി രക്ഷാപ്രവർത്തന ഉപകരണങ്ങൾ മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. നവംബർ 3, 4, 5 തിയതികളിൽ ഉദ്യോഗസ്ഥർക്ക് അവധി അനുവദിച്ചിട്ടില്ലെന്നും ഡൽഹി ഫയർ സർവീസ് പൂർണ സജ്ജമാണെന്നും അതുൽ ഗാർഗ് കൂട്ടിച്ചേർത്തു.
















Comments