കൊച്ചി: ഡ്രഡ്ജർ അഴിമതിക്കേസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ്. അഴിമതിയ്‌ക്കെതിരെ നിലപാടെടുത്തവർക്കെല്ലാം വേണ്ടിയായിരുന്നു തന്റെ പോരാട്ടം. സത്യം ജയിച്ചുവെന്നും നൂറ് ശതമാനവും തെറ്റായിരുന്ന കേസായിരുന്നു അതെന്നും ജേക്കബ് തോമസ് പറഞ്ഞു.
ഇതേ രീതിയിലുള്ള അവസ്ഥയാണ് സമീർ വാങ്കഡെ ഇപ്പോൾ മുംബൈയിൽ നേരിടുന്നത്. അദ്ദേഹം സത്യസന്ധമായി ഒരു കേസ് അന്വേഷിച്ചു. അതിന്റെ പേരിൽ കുടുംബത്തെ ഉൾപ്പെടെ വിചാരണ ചെയ്ത് മുൾമുനയിൽ നിർത്തുകയാണ്. വ്യാജ കേസിലാണ് തനിക്ക് ഒരുവർഷം സസ്‌പെൻഷനിൽ നിൽക്കേണ്ടി വന്നതും. ഇപ്പോൾ പെൻഷൻ വരെ നിഷേധിക്കുന്ന അവസ്ഥയാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്ന കേസാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് റദ്ദാക്കിയത്. സർക്കാർ ഖജനാവിന് 14.96 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ പേരിലാണ് ജേക്കബ് തോമസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2009-2014 കാലഘട്ടത്തിലാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായി സേവനമനുഷ്ടിച്ചത്.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ കട്ടർ ഡ്രഡ്ജർ വാങ്ങിയതിലാണ് അഴിമതി ആരോപണം ഉയർന്നത്. സർക്കാർ അനുമതിക്ക് ശേഷം രേഖകളിൽ മാറ്റം വരുത്തി ടെൻഡർ വിവരങ്ങൾ വിദേശ കമ്പനിയ്‌ക്ക് കൈമാറിയെന്നാണ് ധനകാര്യ വകുപ്പ് കണ്ടെത്തിയത്. ഇക്കാര്യത്തിൽ 2014ൽ വിജിലൻസ് അന്വേഷിച്ച് ക്രമക്കേട് നടന്നിട്ടില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു.
















Comments