മുംബൈ : മയക്കുമരുന്ന് കേസിൽ ജയിലിലായിരുന്ന ആര്യൻ ഖാനൊപ്പം കഴിഞ്ഞതിന്റെ പേരിൽ ചാനലുകളിൽ താരമായി മാറിയ മോഷ്ടാവ് വീണ്ടും പോലീസ് പിടിയിൽ . 44കാരനായ ശ്രാവൺ നാടാർ എന്ന തമിഴ്നാട് സ്വദേശിയാണ് ആര്യൻ ഖാന്‍റെ ജയിൽ ജീവിതത്തെ കുറിച്ച് പറഞ്ഞ് ശ്രദ്ധാകേന്ദ്രമായി മാറിയത്.
മോഷണക്കേസിൽ അറസ്റ്റിലായാണ് ശ്രാവൺ നാടാർ ആർതർ റോഡ് ജയിലിലെത്തിയത്. മോഷണവും പിടിച്ചുപറിയും ഉൾപ്പെടെ 13 കേസുകൾ നാടാർക്കെതിരെയുണ്ടായിരുന്നു. ഇതിലൊരു കേസിലാണ് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞത്.
ആര്യൻ കഴിഞ്ഞ ഒന്നാം നമ്പർ ബാരക്കിലാണ് ശ്രാവൺ നാടാറും ഉണ്ടായിരുന്നത്. 10 ദിവസത്തിന് ശേഷം നാടാർക്ക് ജാമ്യം കിട്ടി പുറത്തിറങ്ങുകയും ചെയ്തു. വ്യാഴാഴ്ച ആര്യൻ ഖാന് കോടതി ജാമ്യം നൽകിയപ്പോൾ നാടാർ കോടതിക്ക് പുറത്ത് എത്തിയിരുന്നു. ഈ സമയത്താണ് ഇതിനിടെയാണ് താൻ ആര്യന്‍റെ ജയിൽ മേറ്റാണെന്ന കാര്യം ഇയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞത് .
ജയിലിനകത്ത് ആര്യൻ പൊട്ടിക്കരയുന്നത് കണ്ടിട്ടുണ്ടെന്നും ജയിലിൽ വെച്ച് ആര്യന്‍റെ മുടി വെട്ടിയിട്ടുണ്ടെന്നുമൊക്കെ ഇയാൾ പറഞ്ഞു . പുറത്തിറങ്ങിയാൽ പിതാവായ ഷാരൂഖ് ഖാനെ കാണണമെന്നും ജയിലിനകത്തേക്ക് പണം കൊടുത്തയക്കണമെന്നും ആര്യൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായും ഇയാൾ പറഞ്ഞു.
ഇതനുസരിച്ച് താൻ ആര്യന്‍റെ വീടായ മന്നത്തിൽ പോയെങ്കിലും സെക്യൂരിറ്റി ജീവനക്കാർ തന്നെ അകത്തുകടത്തിയില്ലെന്നും ഇയാൾ പറഞ്ഞു.
കഴിഞ്ഞ എട്ട് മാസമായി ഇയാളെ കണ്ടെത്താൻ ശ്രമിച്ചിരുന്ന ജുഹൂ പോലീസിന്റെ മുന്നിലേക്കാണ് നാടാരുടെ അഭിമുഖങ്ങൾ ചെന്നത് . ഇതോടെ ജുഹു പോലീസ് ഇയാളെ കണ്ടെത്തി വീണ്ടും അറസ്റ്റ് ചെയ്തു. ആര്യനും നാടാറും ഒരേ ബാരക്കിലായിരുന്നു എങ്കിലും പണം നൽകാൻ ആര്യൻ ഇയാളെ പറഞ്ഞേൽപ്പിച്ചുവെന്നത് വിശ്വസനീയമല്ലെന്നും പണം തട്ടാനുള്ള നീക്കമാണെന്നും പോലീസ് പറഞ്ഞു.
















Comments