ചണ്ഡീഗഡ്: തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർമാർക്ക് വാഗ്ദാന പെരുമഴ നൽകുന്ന രാഷ്‌ട്രീയക്കാർക്കെതിരെ വിമർശനവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ധു. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിന്റെ പ്രഖ്യാപനങ്ങളെ പരോക്ഷമായി പരിഹസിച്ചായിരുന്നു സിദ്ധുവിന്റെ വാക്കുകൾ. വാഗ്ദാനങ്ങളിൽ വീഴരുതെന്നും, പഞ്ചാബിന്റെ ക്ഷേമം ഉറപ്പാക്കുന്നവർക്ക് മാത്രമായിരിക്കണം വോട്ട് നൽകേണ്ടതെന്നും സിദ്ധു പറഞ്ഞു. പഞ്ചാബിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി ചില വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സിദ്ധു വിമർശനവുമായി രംഗത്തെത്തിയത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് മൂന്ന് രൂപയാക്കുമെന്നും, സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിക്കുമെന്നുമാണ് ഛന്നി പ്രഖ്യാപിച്ചത്.
ഈ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കുള്ളിലാണ് സിദ്ധുവിന്റെ പരിഹാസം. ഹിന്ദു മഹാസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാൾ പോലും സംസ്ഥാനത്തിന്റെ വികസനത്തെ കുറിച്ചോ ക്ഷേമത്തെ കുറിച്ചോ സംസാരിക്കുന്നില്ല എന്നത് തന്നെ ആശ്ചര്യപ്പെടുത്തുകയാണെന്ന് സിദ്ധു പറഞ്ഞു. ‘ രാഷ്‌ട്രീയക്കാർ നിങ്ങൾക്ക് ലോലിപോപ്പുകൾ വാഗ്ദാനം ചെയ്യുകയാണ്. ഇത് സൗജന്യമാണ്, അത് സൗജന്യമാണ്, രണ്ട് മാസത്തിനുള്ളിൽ അങ്ങനെ മാറ്റമുണ്ടാകും, ഇങ്ങനെ മാറ്റമുണ്ടാകും എന്നെല്ലാം പറഞ്ഞ്. സർക്കാർ രൂപീകരിക്കുന്നതിനോ അധികാരത്തിലെത്തുന്നതിനോ വേണ്ടിയാണോ അവർ ഈ കള്ളമെല്ലാം പറയുന്നതെന്ന ചിന്ത നിങ്ങളുടെ മനസിൽ ഉണ്ടാകണം. കുറേ വാഗ്ദാനങ്ങൾ നൽകിയാണോ, അതോ സംസ്ഥാനത്തിന്റെ വികസനം ഉറപ്പാക്കിയാണോ ഇന്ന് അവർ അധികാരക്കസേരയിൽ ഇരിക്കുന്നതെന്നും നിങ്ങൾ ചിന്തിക്കണം. ലോലിപോപ്പുകൾക്ക് ആയിരിക്കരുത് നിങ്ങൾ വോട്ട് നൽകേണ്ടത്. മറിച്ച് വികസനം എന്ന ലക്ഷ്യത്തിൽ മുന്നോട്ട് പോകുന്നവരെയായിരിക്കണം അധികാരത്തിൽ തിരഞ്ഞെടുക്കേണ്ടതെന്നും’ സിദ്ധു പറഞ്ഞു.
‘ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനാണ് ഞാൻ എപ്പോഴും ശ്രമിക്കുന്നത്. ഇന്നത്തെ രാഷ്‌ട്രീയക്കാരിൽ നിന്ന് മാഞ്ഞുപോയ ഒരു കാര്യമാണത്. താൻ മരിച്ചാലും പഞ്ചാബിന്റെ താത്പര്യങ്ങൾ ബലി കൊടുക്കില്ല. പഞ്ചാബിന് ഇപ്പോൾ അഞ്ച് ലക്ഷം കോടിയുടെ കടമുണ്ട്. കഴിഞ്ഞ 25-30 വർഷമായി സംസ്ഥാനം ഭരിക്കുന്നവരുടെ പിടിപ്പുകേട് കാരണമാണ് ഇത് സംഭവിച്ചത്. സർക്കാർ ഗസ്റ്റ്ഹൗസുകളെല്ലാം പണയത്തിലാണ്. സംസ്ഥാനത്തിന്റെ കടം കൊടുത്തു തീർക്കേണ്ട ബാധ്യത ജനങ്ങളുടെ മേൽ വരികയാണെന്നും’ സിദ്ധു വിമർശിച്ചു.
















Comments