തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം ലഭിച്ചത്. ഈ ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ടാണ്. ശേഷിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇന്നും നാളെയും തീവ്രമഴ ലഭിക്കുന്നതിനോടൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക്-കിഴക്കൻ അറബിക്കടലിൽ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത്. അവിടെ നിന്നും പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയ ന്യൂനമർദ്ദം ശ്രീലങ്കയ്‌ക്ക് മുകളിലായി രണ്ട് ദിവസം നിന്ന ശേഷമാണ് ഇപ്പോൾ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നത്. അറബിക്കടലിൽ എത്തിയ ശേഷം ന്യൂനമർദ്ദം കൂടുതൽ കരുത്താർജ്ജിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
















Comments