ഗ്ലാസ്‌ഗോ: ലോകത്തിലെ ചെറു ദ്വീപുരാജ്യങ്ങൾക്ക് ഇന്ത്യയുടെ കൈത്താങ്ങ്. ഗ്ലാസ്‌ഗോ കാലവസ്ഥാ ഉച്ചകോടിയിലാണ് ലോകരാജ്യങ്ങളുടെ പരസ്പര സഹായ പദ്ധതികളുടെ വിപുലീകരണ വിഷയത്തിൽ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. സ്‌മോൾ ഐലന്റ് ഡെവലെപ്‌മെന്റ് സ്റ്റേറ്റ്( എസ്.ഐ.ഡി.എസ്) എന്ന് വിശേഷിപ്പിക്കുന്ന ചെറു ദ്വീപ് രാജ്യങ്ങൾക്കായാണ് ഇന്ത്യ സൗകര്യങ്ങൾ ഒരുക്കുന്നത്.
ഐ.എസ്.ആർ.ഒയുടെ സാങ്കേതിക സഹായത്താൽ ചെറുദ്വീപുരാജ്യങ്ങൾക്ക് വിപുലമായ ഡാറ്റാ വിൻഡോയാണ് ഇന്ത്യ തയ്യാറാക്കാനൊരുങ്ങുന്നത്. കാലാവസ്ഥ അടക്കമുള്ള എല്ലാ അന്താരാഷ്‌ട്ര വിവരങ്ങളും ഏകജാലക സാങ്കേതിക വിദ്യയിലൂടെ ഇന്ത്യ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയെ അറിയിച്ചു.
ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ സംവിധാനത്താൽ എല്ലാ ദ്വീപുരാജ്യങ്ങൾക്കും ചുഴലിക്കാറ്റ് മുന്നറിയിപ്പ്, പവിഴപ്പുറ്റുകളുടെ സംരക്ഷണ സംബന്ധിയായ വിവരങ്ങൾ, തീരസംരക്ഷണം, പ്രതിരോധ സുരക്ഷാ വിവരങ്ങൾ എന്നിവ കൈമാറാനാണ് ഇന്ത്യയുടെ പദ്ധതി.
പസഫിക്കിൽ നിലവിൽ ക്വാഡ് സഖ്യത്തിന്റെ ഭാഗമായിക്കഴിഞ്ഞ ഇന്ത്യ ചെറുദ്വീപു രാജ്യങ്ങൾക്കും കാരികോം രാജ്യങ്ങൾക്കും സഹായം നൽകും. നിലവിൽ 15 രാജ്യങ്ങൾ പൂർണ്ണമായും 5 രാജ്യങ്ങൾ ഭാഗീകമായും പങ്കാളിത്തം വഹിക്കുന്ന കൂട്ടായ്മയാണ് കാരികോം രാജ്യങ്ങളെന്ന് വിളിക്കപ്പെടുന്നത്.
കരീബിയൻ ദ്വീപസമൂഹത്തെ മുഴുവനായും ഇന്ത്യയുടെ സാങ്കേതിക സംവിധാനത്തിനകത്ത് കൊണ്ടുവരുന്ന ശൃംഖലയാണ് ഇന്ത്യ ഒരുക്കുന്നത്. ഇതിനൊപ്പം സമുദ്രത്തിൽ ഒറ്റപ്പെട്ട് കിട ക്കുന്ന എല്ലാ ദ്വീപുരാജ്യങ്ങളിലേക്കും സൗരോർജ്ജ സംവിധാനം എത്തിക്കാനും വാണിജ്യ വ്യാപാര പങ്കാളിത്തത്തിനും ഇന്ത്യ സംവിധാനം ശക്തമാക്കുകയാണ്.
















Comments