കാബൂൾ: അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ സൈനിക ആശുപത്രിയായ സർദാർ മുഹമ്മദ് ദൗദ് ഖാനിന് സമീപം നടന്ന ഇരട്ട ബോംബ് സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമ്പതോളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക് സറ്റേറ്റ് ഭീകരരാണെന്നാണ് നിഗമനം.
400 ബെഡ്ഡുകളുള്ള സൈനിക ആശുപത്രിയുടെ കവാടത്തിലാണ് സ്‌ഫോടനമുണ്ടായത്. കാർ ബോംബായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ താലിബാൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സംഘം ആശുപത്രിയിൽ പ്രവേശിച്ചിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥരുമായി സംഘർഷം നടന്നതായും റിപ്പോർട്ടുകളുണ്ട്.
ആശുപത്രിക്ക് സമീപം ആദ്യം വെടിവെയ്പ്പാണ് ഉണ്ടായത്. തൊട്ടുപിന്നാലെ സ്‌ഫോടനമുണ്ടായി. പത്ത് മിനിറ്റിന് ശേഷം മറ്റൊരു വലിയ സ്‌ഫോടനവും നടന്നുവെന്ന് ആശുപത്രി ജീവനക്കാർ വെളിപ്പെടുത്തി. താലിബാൻ അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് ഭീകരാക്രമണ പരമ്പരകാളാണ് സംഭവിക്കുന്നത്. ഇതിൽ ഭൂരിഭാഗം ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഏറ്റെടുത്തിരുന്നു.
















Comments