കൊച്ചി: കുഞ്ഞിനെ ദത്ത് നൽകിയ സംഭവവുമായി ബന്ധപ്പെട്ട് അമ്മ അനുപമ സമർപ്പിച്ച ഹേബിയസ് കോർപസ് പിൻവലിച്ചു. കുഞ്ഞിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അനുപമ നൽകിയ ഹർജിയാണ് സ്വമേധയാ പിൻവലിച്ചത്. ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളേണ്ടി വരുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് നടപടി.
ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും നിയമവിരുദ്ധമായി കുട്ടിയെ ആരെങ്കിലും കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഹർജി പിൻവലിക്കാൻ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹേബിയസ് കോർപസ് പിൻവലിച്ചത്.
കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസിൽ ഇപ്പോൾ അടിയന്തിര ഇടപെടൽ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. കുഞ്ഞിനെ തട്ടികൊണ്ട് പോയതാണെന്ന് പോലീസിൽ പരാതി നൽകിയ അനുപമ കുടുംബ കോടതിയിൽ ഈ വാദം ഉന്നയിച്ചിട്ടില്ല. കുഞ്ഞിനെ നോക്കാൻ മാതാപിതാക്കളെ ഏൽപ്പിച്ചിരുന്നതായാണ് കോടതിയിൽ വ്യക്തമാക്കിയത്.
അതേസമയം കേസിൽ പ്രതികളായ അഞ്ച് പേർക്കും തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അനുപമയുടെ അമ്മയടക്കമുള്ളവർക്കാണ് ജാമ്യം ലഭിച്ചത്. പ്രതി പട്ടികയിലുള്ളവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മുൻകൂർ ജാമ്യം നൽകിയത്.
















Comments