തിരുവനന്തപുരം: മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ലഭിച്ച ഹോക്കി താരം ശ്രീജേഷിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഖേൽരത്‌ന പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ ആശംസ.
ശ്രീജേഷ് ഉൾപ്പെടെ 12 പേർക്കാണ് ഈ വർഷത്തെ ഖേൽരത്‌ന പുരസ്‌കാരം ലഭിച്ചത്. ഈ മാസം 13ന് ഡൽഹിയിൽവെച്ച് പുരസ്‌കാരം സമ്മാനിക്കും. ധ്യാൻചന്ദിന്റെ പേരിലുള്ള അവാർഡ് ലഭിച്ചതിൽ അഭിമാനമുണ്ടെന്നായിരുന്നു പുരസ്‌കാര ലബ്ധിയോട് ശ്രീജേഷിന്റെ പ്രതികരണം. പുരസ്‌കാരം സഹതാരങ്ങൾക്കും കുടുംബത്തിനും സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്വർണ്ണമെഡൽ ജേതാവ് നീരജ് ചോപ്ര, ടോക്കിയോ ഒളിമ്പിക്‌സ് താരങ്ങളായ രവികുമാർ (ഗുസ്തി), ലാവ്‌ലിന ബോർഗോഹെയ്ൻ (ബോക്‌സിംഗ്) എന്നിർക്കും ഖേൽരത്‌ന പുരസ്‌കാരം ലഭിച്ചു. പാരാലിമ്പിക്‌സ് താരങ്ങളായ അവനി ലേഖര, സുമിത് ആന്റിൽ, പ്രമോദ് ഭഗത്, കൃഷ്ണ നഗർ, മനീഷ് നർവാൾ, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്‌ബോൾ താരം സുനിൽ ഛേത്രി, ഹോക്കി താരം മൻപ്രീത് സിംഗ് എന്നിവരും അവാർഡിന് അർഹരായി.
Comments