കൊച്ചി: മോൻസൻ മാവുങ്കലിന്റെ ചെമ്പോല തിട്ടൂരം വായിച്ച ചരിത്രകാരൻ ഡോ. കെഎം രാഘവ് വാര്യരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ചെമ്പോലയിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് ഓർക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. മോൻസന്റെ വീട്ടിലെത്തിയാണ് ചെമ്പോല വായിച്ചത്. ശബരിമലയിലെ ആചാരവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചെമ്പോലയിൽ എഴുതിയിരിക്കുന്നതെന്ന് രാഘവ് നേരത്തെ അഭിമുഖം നൽകിയിരുന്നു.
ചെമ്പോലയിലെ ഉള്ളടക്കം മറന്നു പോയി. ചരിത്ര താത്പര്യമുള്ളതുകൊണ്ടാണ് ഇത്തരത്തിലൊരു ചെമ്പോലയുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് അവിടെയെത്തി കാര്യങ്ങൾ പരിശോധിച്ചത്. രാഘവിന്റെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് വിശദമായി മൊഴി രേഖപ്പെടുത്താനെത്തിയത്. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർക്കിയോളജി സർവ്വേ ഓഫ് ഇന്ത്യയ്‌ക്ക് ക്രൈബ്രാഞ്ച് കത്ത് നൽകിയിട്ടുണ്ട്.
ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട പന്തളം കൊട്ടാരരേഖയെന്ന പേരിൽ മോൻസൻ മാവുങ്കൽ പ്രചരിപ്പിച്ച ചെമ്പോല നൽകിയത് താനാണെന്ന് ഇടനിലക്കാരനും പരാതിക്കാരനുമായ സന്തോഷ് എളമക്കര വ്യക്തമാക്കിയിരുന്നു. തൃശൂർ ടൗണിനടുത്തുള്ള പഴയൊരു വീട്ടിൽ നിന്നും സിനിമകളിൽ ഉപയോഗിക്കാനായാണ് ഈ ചെമ്പോലകൾ വാങ്ങിയത്. ചെമ്പോലകൾ ആ വീട്ടുകാരുടെ കൈവശം ഇരുന്നതാണ്, അത് വ്യാജമായി നിർമ്മിച്ചതല്ലെന്നും സന്തോഷ് പറയുന്നു.
സംസ്‌കൃതത്തിലോ പഴയ മലയാളം ലിപിയിലോ ഉള്ള എഴുത്തായിരുന്നു അതിൽ. ഉള്ളടക്കം എന്താണെന്ന് അറിയില്ല. മോൻസൻ ഇതിൽ താത്പര്യം പ്രകടിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് കൈമാറിയത്. ഇത് പുരാവസ്തു വിദഗ്ധരെ കാണിച്ചുവെന്ന് മോൻസൻ ഇടയ്‌ക്ക് അവകാശപ്പെട്ടിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ടുള്ള രേഖകളാണെന്ന അവകാശവാദം വാർത്തകളിലൂടെയാണ് താൻ അറിയുന്നതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
















Comments