ബെംഗളൂരു : തമിഴ് നടൻ വിജയ് സേതുപതിക്കുനേരെ ആക്രമണ ശ്രമം ഉണ്ടായിട്ടില്ലെന്ന് പോലീസ് . ബംഗളുരുവിലെ കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് അക്രമിക്കപ്പെട്ടത് വിജയ് സേതുപതിയുടെ സുഹൃത്തായ നടൻ മഹാ ഗാന്ധിയാണെന്നും പോലീസ് പറഞ്ഞു . നേരത്തെ വിജയ് സേതുപതിയ്‌ക്ക് നേരെ ആക്രമണം എന്ന രീതിയിലാണ് വാർത്തകൾ പുറത്ത് വന്നിരുന്നത് .
ഇരുവിഭാഗവും ഒത്തുതീർപ്പിലെത്തിയതിനെ തുടർന്ന് സംഭവത്തിൽ കേസെടുത്തില്ല. സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.
സ്വകാര്യ ചാനൽ പരിപാടിയിൽ പങ്കെടുക്കാനാണ് വിജയ് സേതുപതി കഴിഞ്ഞ ദിവസം രാത്രിയോടെ ബെംഗളുരുവിൽ എത്തിയത്. വിജയ് സേതുപതിയ്‌ക്കൊപ്പമാണ് നടനായ മഹാ ഗാന്ധി ഉണ്ടായിരുന്നത് . ഇവർ ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ എക്സിറ്റിലേക്ക് നടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പിന്നാലെ ഓടിയെത്തിയ ഒരാൾ മഹാഗാന്ധിയെ പിന്നിൽനിന്ന് ചവിട്ടി വീഴ്‌ത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഉടൻ തന്നെ വിജയ് സേതുപതിക്ക് ഒപ്പമുണ്ടായിരുന്നവർ ഇയാളെ പിടിച്ചു മാറ്റുന്നതും , വിമാനത്താവളത്തിലെ സുരക്ഷാസേന ഇയാളെ പിടികൂടുന്നതും ദൃശ്യങ്ങളിൽ കാണാം . ഇയാളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യലഹരിയിലാണ് പ്രതി നടനെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് വിവരം.
മഹാഗാന്ധിയുമായി ബംഗളൂരു വിമാനത്താവളത്തിൽ വച്ച് നിസാര പ്രശ്‌നത്തിന്റെ പേരിൽ തർക്കത്തിലേർപ്പെട്ട സഹയാത്രികൻ ജോൺസണാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. പരാതി നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും ഒത്തുതീർപ്പിലൂടെ വിഷയം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ജോൺസണും മഹാഗാന്ധിയും പോലീസിനോട് പറഞ്ഞതിനെ തുടർന്ന് ഇരുവരെയും വിട്ടയച്ചു
Comments