കൊച്ചി: ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ച ജോജു ജോർജ്ജുവുമായുണ്ടായ പ്രശ്‌നം ഒത്തു തീർപ്പാക്കാനൊരുങ്ങി കോൺഗ്രസ്. ഒത്തു തീർപ്പിന് ശ്രമം നടക്കുന്നതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. പ്രശ്‌നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷ. ഒത്തു തീർപ്പിന് മുൻകയ്യെടുക്കും. ഇരുവിഭാഗവും തെറ്റുകൾ സമ്മതിച്ചുവെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. പെട്ടന്ന് ഉണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചത്. രണ്ടു കൂട്ടരും തങ്ങളുടെ തെറ്റുകൾ മനസിലാക്കിയിട്ടുണ്ട്. അന്ന് ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നു. ജോജു ജോർജ്ജിന് കോൺഗ്രസ് സമരത്തെക്കുറിച്ച് യാഥാര്‍ത്ഥ്യ ബോധമുണ്ടായിട്ടുണ്ട്. പരസ്പരം സംസാരിച്ച് തീർക്കാവുന്ന രീതിയിൽ മാത്രമാണ് കാര്യങ്ങളെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിൽ ഇടപ്പള്ളി മുതൽ വൈറ്റില വരെ വൻ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധം അറിയിച്ച ജോജു ജോർജ്ജ് സമരത്തെ ശക്തമായി ചോദ്യം ചെയ്യുകയായിരുന്നു. ജോജുവിന്റെ ഇടപെടലിൽ പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ നടന്റെ വാഹനം അടിച്ച് തകർത്തിരുന്നു. മദ്യപിച്ച് വനിതാ പ്രവർത്തകരെ അപമാനിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് ജോജുവിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഈ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ജോജുവിന്റെ വാഹനം തകർത്ത കേസിൽ പോലീസ് കോൺഗ്രസ് നേതാക്കൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇരുകൂട്ടരും തമ്മിൽ ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയാണെന്ന് കോൺഗ്രസ് വ്യക്തമാക്കിയത്.
















Comments