കൊച്ചി: നടൻ ജോജു ജോർജ്ജിനെതിരായ ആക്രമണത്തിൽ താരസംഘടനയായ ‘അമ്മ’യ്ക്കെതിരെ കെ.ബി ഗണേഷ്കുമാർ രംഗത്ത്. സംഭവം നടന്നിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും സംഘടന മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് കെ.ബി ഗണേഷ്കുമാർ എംഎൽഎ ചോദ്യം ചെയ്തു. സംഘടനയുടെ അടുത്ത് യോഗത്തിൽ പ്രതിഷേധം അറിയിക്കുമെന്നും സെക്രട്ടറി ഇടവേള ബാബു മറുപടി പറയണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
‘അമ്മ’യിലെ അംഗമാണ് ജോജു. ആക്രമണത്തിന് ഇരയായിട്ടും സംഘടനയുടെ സെക്രട്ടറി മൗനം പാലിച്ചു. പ്രതിപക്ഷ നേതാവും കോൺഗ്രസ് അഖിലേന്ത്യാ നേതാവ് പോലും സംഭവത്തിൽ അപലപിച്ചു. എന്നിട്ടും അമ്മയുടെ പ്രതിനിധികൾ മൗനത്തിലാണ്. സെക്രട്ടറി ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്നും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.
കോൺഗ്രസിന്റെ വഴിതടഞ്ഞുള്ള സമരത്തിനെതിരെ പ്രതികരിച്ചതിനെ തുടർന്ന് കൊച്ചിയിൽ വെച്ച് നടൻ ജോജുവിനെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തിരുന്നു. നടന്റെ വാഹനം തല്ലി തകർത്തതോടെ സംഭവം സംസ്ഥാന വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. 15 പേർക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം മാസ്ക് ധരിക്കാത്തിന്റെയും വാഹന രജിസ്ട്രേഷന്റെയും പേരിൽ ജോജുവിനെതിരെയും കോൺഗ്രസ് പരാതി നൽകി. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. നിലവിൽ ഒത്തുതീർപ്പിനായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം.
















Comments