ചെന്നൈ: പുതുച്ചേരിയിൽ സ്‌കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശൻ, ഇയാളുടെ ഏഴ് വയസുകാരനായ മകൻ പ്രദീഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് പുതുച്ചേരിയിലെ കാട്ടുകുപ്പത്തായിരുന്നു സംഭവം.
ഭാര്യ വീട്ടിൽ നിന്നും മകനേയും കൂട്ടി സ്വന്തം വീട്ടിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അപകടം. ദീപാവലി ആഘോഷത്തിന് വാങ്ങിയ പടക്കങ്ങളും സ്‌കൂട്ടറിൽ ഉണ്ടായിരുന്നു. രണ്ട് സഞ്ചികളായി സ്‌കൂട്ടറിന്റെ വശത്ത് ഇവ തൂക്കി ഇട്ടിരിക്കുകയായിരുന്നു. എന്നാൽ യാത്രയ്‌ക്കിടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. കലൈയരശനും പ്രദീഷും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പടക്കം പൊട്ടിത്തെറിച്ച സമയത്ത് സമീപത്ത് കൂടി പോയവർക്കാണ് പരിക്കേറ്റത്.
പടക്കത്തിന് ചൂട് പിടിച്ച് പൊട്ടിത്തെറിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാൻ കഴിയു എന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
















Comments