ഇടുക്കി: തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം തേക്കടിയിലെത്തി. മുല്ലപ്പെരിയാർ ഡാം സന്ദർശിക്കുന്നതിന് വേണ്ടിയാണ് മന്ത്രിമാരുടേയും എംഎൽഎമാരുടേയും ഉദ്യോഗസ്ഥരുടേയും സംഘം ഇവിടെ എത്തിയിരിക്കുന്നത്. തേക്കടിയിൽ നിന്ന് ബോട്ടിലാണ് മുല്ലപ്പെരിയാറിലേക്ക് പോകുന്നത്. മന്ത്രിമാര്‍ക്കൊപ്പമെത്തിയ ഡിഎംകെ പ്രവര്‍ത്തകരെ ലോവര്‍ക്യാംപില്‍ തടഞ്ഞു. തമിഴ്നാട് പൊലീസ് മന്ത്രിമാരെ മാത്രമാണ് കേരളത്തിലേക്കു കടത്തിവിട്ടത്. വന്‍ സുരക്ഷാസന്നാഹമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, സഹകരണ വകുപ്പുമന്ത്രി ഐ പെരിയ സ്വാമി, റവന്യു മന്ത്രി പി മൂർത്തി എന്നിവരാണ് സന്ദർശനം നടത്തുന്നത്. തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴു മണ്ഡലങ്ങളിൽ നിന്നുള്ള എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരുമാണ് മന്ത്രിമാർക്കൊപ്പമുള്ളത്.
നിലവിൽ അണക്കെട്ടിലെ എട്ട് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. കൂടുതൽ ഷട്ടറുകൾ തുറന്നതോടെ ഡാമിലെ ജലനിരപ്പിൽ കുറവ് വന്നിട്ടുണ്ട്. അണക്കെട്ട് സന്ദർഷിച്ച ശേഷം മന്ത്രിമാരുടെ സംഘം മാദ്ധ്യമങ്ങളെ കണ്ടേക്കുമെന്നാണ് വിവരം. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട്ടിൽ പ്രതിപക്ഷ പാർട്ടികൾ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ മന്ത്രിമാരുടെ സന്ദർശനത്തിന് രാഷ്‌ട്രീയ പ്രാധാന്യവും ഏറെയാണ്.
















Comments