ഇന്ത്യയിലെ ഗുഹകൾക്ക് പറയാനുള്ളത് നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രമാണ്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഓരോ ഗുഹയും ചുവർചിത്രങ്ങളും നൂറ്റാണ്ടുകൾക്കപ്പുറത്തേയ്‌ക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുന്നു. ഓരോ അറയിലും ഒളിപ്പിച്ച് വെച്ചിരിക്കുന്നത് മഹത്തായ ഭാരത സംസ്‌കാരത്തിന്റെ, പുരാതന ശേഷിപ്പുകൾ. പണ്ടു കാലത്ത് വിവിധ രാജവംശങ്ങൾ തനത് ശൈലിയിൽ വാസ്തുശാസ്ത്ര വിദ്യ പ്രകാരം ഗുഹകൾ നിർമ്മിച്ചിരുന്നു.പിന്നീട് അവയിൽ ചിലത് ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറുകയും ചെയ്്തു. ഗുഹകളുടെ ചുവരുകളിൽ കൊത്തിവെച്ചിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നത് ചരിത്രം വായിച്ചെടുക്കുന്നതിന് തുല്ല്യമാണ്. മോണുമെന്റ്സ് ഓഫ് ഇന്ത്യയുടെ പുതിയ അദ്ധ്യായത്തിലൂടെ ഇന്ത്യയുടെ പൂർവകാല ചരിത്രം രേഖപ്പെടുത്തിയ അജന്തയേയും എല്ലോറയെയും പറ്റി അറിയാം.
അജന്തയിലെ 29 ഗുഹാമുഖങ്ങൾക്കും,എല്ലോറയിലെ 34 ഗുഹാമുഖങ്ങൾക്കും പറയാനുള്ളത് ഏകദേശം ഒരേ കഥകൾ തന്നെയാണ്. ബോധിസത്തന്റെ സന്ദേശങ്ങളും കഥകളും ചുമരുകളിൽ ചിത്രകങ്ങളായും ശിൽപങ്ങളായും കൊത്തിവെച്ചിരിക്കുന്നു. സന്യാസിമാർ,വീരപുരുഷൻമാർ,നർത്തകർ, സ്ത്രീരൂപങ്ങൾ തുടങ്ങി ചുവർചിത്രകല പരന്നു കിടക്കുകയാണ് ഗുഹാന്തരങ്ങളിലുടനീളം! മഹാരാഷ്‌ട്രയുടെ അതിർത്തി പങ്കിടുന്ന താപ്തി നദിയുടെ കൈവഴിയായ ‘വാഗൂർ’നദിയുടെ തീരത്താണ് ചരിത്രമുറങ്ങുന്ന അജന്ത ഗുഹകൾ സ്ഥിതി ചെയ്യുന്നത്.
ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടു മുതൽ ക്രിസ്തുവിന് ശേഷം ഏഴാം നൂറ്റാണ്ടു വരേയുള്ള കാലഘട്ടത്തിൽ പലപ്പോഴായി കരിങ്കല്ലിൽ കൊത്തിയെടുത്ത ഗുഹാക്ഷേത്രങ്ങളാണ് അജന്ത ഗുഹകൾ എന്നറിയപ്പെടുന്നത്.ഡക്കാൻ പീഠഭൂമിയിലീൾപ്പെട്ട ഈ പ്രദേശം മുഗൾ രാജഭരണ കാലത്തെ സൈനിക പര്യടനത്തിനിടയിലാണ് കണ്ടു പിടിക്കപ്പെട്ടത്.ഭീമാകാരമായ പാറകൾ തുരന്നുണ്ടാക്കിയ 29 ഗുഹകളാണ് ഇവിടെയുള്ളത്. ബുദ്ധമതം ഏറെ പ്രചാരത്തിലുണ്ടായിരുന്ന മഹായാന, ഹീനയാന കാലഘട്ടത്തിലാണ് ഇവയുടെ നിർമ്മാണം പൂർത്തിയായതെന്ന് കരുതുപ്പെടുന്നു
ശതവാഹനൻമാരും,വാകാടകൻമാരും നാട്ടുരാജ്യം ഭരിച്ചിരുന്ന കാലത്താണ് ഈ ഗുഹാക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത്. ആനയുടെ ആകൃതിയിലുള്ള കവാടം കടന്ന് ഉള്ളിലെത്തുന്നവരെ വിസ്മയിപ്പിക്കുന്ന കരവിരുതാണ് ഇവിടെ….തറയൊഴികെയുള്ള മിക്ക സ്ഥലങ്ങളും കൊത്തിയെടുത്ത ചുവർ ചിത്രങ്ങൾ വിസ്മയം തന്നെ… ശ്രീബുദ്ധന്റെ ‘ജാതക കലകൾ’ എന്ന ജീവചരിത്രത്തിലെ മിക്ക ഏടുകളും ശില്പകലയായി മാറിയിരിക്കുന്ന അദ്ഭുതക്കാഴ്ചയാണ് സഞ്ചാരികളെ വരവേല്ക്കുന്നത്. ചൈത്യാലയങ്ങളെന്നും, വിഹാരങ്ങളെന്നും വേർതിരിച്ചിരിക്കുന്ന ഗുഹകളെ കരിങ്കൽ തൂണുകളിൽ താങ്ങി നിർത്തിയിരിക്കുന്നു. ചൈത്യാലയങ്ങളോരോന്നും ബുദ്ധപ്രതിഷ്ഠയുള്ള ആരാധനലായങ്ങളും, വിഹാരങ്ങൾ ബുദ്ധഭിക്ഷുക്കളുടെ താമസകേന്ദ്രവുമായിരുന്നു.
നീണ്ട ഇടനാഴിയിലൂടെ ഒരോ ഗുഹാമുഖത്തുമെത്തുമ്പോൾ ശ്രീബുദ്ധന്റെ വിവിധ രൂപങ്ങളിലുള്ള ശിലകൾ അഭയഹസ്തരൂപത്തിൽ നിർമ്മിച്ചിരിക്കുന്നത് കാണാം..ഇന്ത്യയുടെ റോക്ക് കട്ട് വാസ്തുവിദ്യ പ്രതിഫലിക്കുന്ന സ്ഥലം കൂടിയാണിത്. പ്രാചീന സംസ്‌കാരവും ചരിത്രവും നന്നായി മനസ്സിലാക്കാൻ ഈ ഗുഹകളിലൂടെ സാധിക്കും….. ശിൽപ്പചാതുര്യം പ്രകടമാണെങ്കിലും ചിത്രകലയാണ് അജന്തയിൽ മുന്നിട്ടു നില്ക്കുന്നത്. ജാതക കഥകളിൽ വിവരിച്ചിരിക്കുന്ന കഥകൾക്ക് ജീവൻ കൊടുത്തതാണെന്നു തോന്നുന്ന വിധമാണ് ഇവിടത്തെ ചിത്രാലേഖനം. ഒരു കാലഘട്ടത്തിന്റെ സംസ്‌ക്കാരവും ആചാരമുറകളും പ്രകടമാക്കുന്ന ചിത്രങ്ങൾ. എല്ലാം പ്രകൃതിദത്തമായ ചായങ്ങൾ ഉപയോഗിച്ചു മാത്രം വരയ്‌ക്കപ്പെട്ടതാണെന്നോർക്കുമ്പോൾ അത്ഭുതം തോന്നും…മഴക്കാലമാകുമ്പോൾ പുറത്തിറങ്ങാത്ത ബുദ്ധസന്യാസിമാർ തങ്ങളുടെ സമയം പോക്കിയിരുന്നത് ചുവർചിത്രകലയുടെ ആഴങ്ങൾ തേടിയായിരുന്നു…
മഹാരാഷ്‌ട്രയിലെ ഔറംഗാബാദിൽ നിന്നും 30 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന ചരിത്രസ്മാരകമാണ് എല്ലോറ ഗുഹകൾ. അജന്തയിലേതു പോലെ തന്നെ സമാനരീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള 34 ഗുഹകളാണ് ഇവിടെയുള്ളത്. ഇവയിൽ 12 എണ്ണം ബുദ്ധ ചൈത്യാലയങ്ങളും,17 എണ്ണം ഹൈന്ദവക്ഷേത്രങ്ങളും,5 എണ്ണം ജൈനക്ഷേത്രങ്ങളുമാണ്…. ഇന്ത്യൻ ഗുഹാശില്പകലയുടെ ഉത്തമോദാഹരണമായി എല്ലോറ കണക്കാക്കപ്പെടുന്നു.
അഞ്ചാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ നിർമ്മിച്ച ബുദ്ധ, ഹിന്ദു, ജൈന ഗുഹാക്ഷേത്രങ്ങളും വിഹാരങ്ങളുമാണ് ഇവിടെയുള്ള മുപ്പത്തിനാല് ഗുഹകളിലുള്ളത്. ചരണാദ്രി കുന്നുകളുടെ ചെങ്കുത്തായ ഭാഗം തുരന്നാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. എല്ലോറയിലെ പ്രധാന സവിശേഷത ഭൂമിയിൽ കുഴിച്ചെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഒറ്റക്കൽ ചരിത്രാവശിഷ്ടമായ പതിനാറാം നമ്പർ ഗുഹാക്ഷേത്രമാണ്. കൈലാസനാഥ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ശിവക്ഷേത്രം ഒരു രഥത്തിന്റെ ആകൃതിയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പാറയുടെ മുകളിൽ നിന്നും വെട്ടിയുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം എക്കാലത്തെയും ഒരു ശിൽപ്പകലാവിസ്മയം തന്നെയാണ്. ഇതിനു സമാനമായ മറ്റൊരു സൃഷ്ടി ലോകത്തെവിടെയും ഉണ്ടാകാനിടയില്ല.
കൈലാസനാഥ ക്ഷേത്രം നിർമിച്ചിരിക്കുന്നത് കല്ലുകളോ മണ്ണോ ചേർത്തുവച്ചല്ല മറിച്ച് ഒരു വലിയ കരിങ്കല്ലിന്റെ മല അങ്ങിനെ തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. ചരിത്രകാരന്മാർ പറയുന്നത് ഒരു വലിയ മലയെ മുകളിൽ നിന്നും തുരന്നു താഴേക്ക് വന്നു കൊണ്ട് ക്ഷേത്രം നിർമിക്കുകയായിരുന്നു എന്നാണ്.ചരിത്രകാരന്മാർകും പുരാവസ്തു ശാസ്ത്രജ്ഞർന്മാർകും ഇന്നും ഉത്തരം കിട്ടാത്ത ഒരു കാര്യമാണ് എങ്ങിനെ അതിനുള്ളിൽ നിന്നും ഇത്രയധികം കല്ല് തുരന്നു പുറത്തേക്കു കൊണ്ട് പോയി എന്നത് .ഭാരത സംസ്‌കാരത്തിന്റെ ഒരു സ്മാരകം കൂടിയാകുന്നു ഈ ഗുഹാസമുച്ചയങ്ങൾ.
ബുദ്ധപ്രതിമയില്ലാത്ത മഹാസ്തൂപവും പൗരാണിക വർണ്ണചിത്രങ്ങളും ഒക്കെയായി അനവധി കഥകളുടെ കൂടാരമാണ് അജന്ത- എല്ലോറ ഗുഹകൾ.1853ൽ യുനസ്‌കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഇടം പിടിച്ച അജന്ത,എല്ലോറ ഗുഹകൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് സംരക്ഷിക്കുന്നത് ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടത്തക്ക രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഗുഹാന്തർഭാഗങ്ങളിൽ സൂര്യപ്രകാശത്തിനഭിമുഖമായി നിരവധി കണ്ണാടികൾ തൂക്കിയിട്ടിരുന്നുവെന്നും പറയപ്പെടുന്നുണ്ട്…….
പുരാതന ഭാരതീയകലയുടെ ഉത്തമ ഉദാഹരണങ്ങളായ അജന്ത, എല്ലോറ ഗുഹകൾ പണ്ടുകാലത്തെ വ്യാപാരികളുടെയും തീർത്ഥാടകരുടെയും വിശ്രമകേന്ദ്രം കൂടിയായിരുന്നു…..തീർത്തും പ്രകൃതിദത്തമായ വർണ്ണങ്ങൾ നിറം ചാർത്തിയ ചുവർ ചിത്രങ്ങൾ കാലങ്ങൾക്കിപ്പുറവും മായാതെ നില്ക്കുന്നുവെന്നത് അതിശയം ജനിപ്പിക്കുന്നു….. വെബ് ഡെസ്‌ക് ജനം ടിവി ഡോട്ട് കോം.















Comments