ഹിസാർ: കാർഷിക നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ വീണ്ടും ഗുണ്ടാ ആക്രമണം. ഹരിയാനയിലെ ഹിസാറിൽ രാജ്യസഭാംഗം രാം ചന്ദർ ജാംഗ്രയെ ആണ് ഒരു സംഘം ആക്രമിച്ചത്. എംപിയുടെ വാഹനത്തിന്റെ മുൻഭാഗത്തെ ചില്ലുകൾ പ്രതിഷേധക്കാർ അടിച്ചുതകർത്തു.
പോലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കിയത്. എംപിയെ കരിങ്കൊടി കാണിക്കാനെന്ന പേരിലാണ് പ്രതിഷേധക്കാർ സ്ഥലത്ത് എത്തിയത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് സ്ഥലത്ത് ബാരിക്കേഡ് ഉൾപ്പെടെ സ്ഥാപിച്ച് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ പ്രതിഷേധക്കാർ ഇതെല്ലാം മറികടന്ന് അക്രമം നടത്തുകയായിരുന്നു.
നർനൗന്ദ് നഗരത്തിൽ ഒരു ധർമ്മശാല ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എംപി. ഇന്നലെ രോഹ്തക്കിലും ഒരു പരിപാടിക്കിടെ രാം ചന്ദർ ജാംഗ്രയ്‌ക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. തൊഴിലില്ലാത്ത മദ്യപാനികളാണ് ഈ പ്രതിഷേധത്തിന്റെ പേരിൽ നടക്കുന്നതെന്നും രാം ചന്ദർ വിമർശിച്ചിരുന്നു. ഡൽഹി അ്തിർത്തിയിലെ സമരം പരാമർശിക്കവേയാണ് രാം ചന്ദറിന്റെ വാക്കുകൾ.
അതിർത്തിയിൽ ഒരു പാവപ്പെട്ട യുവാവിനെ സമരക്കാർ കൊലപ്പെടുത്തിയെന്നും ഇവർ കർഷകരല്ലെന്നും സമൂഹത്തിലെ തിൻമകളാണെന്നും സാധാരണ ജനങ്ങൾ പോലും ഇവരെ ഇപ്പോൾ വെറുത്തതായും രാം ചന്ദർ ജംഗ്ര പറഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് കൂടുതൽ ആളുകളെ സംഘടിപ്പിച്ച് പ്രതിഷേധക്കാർ സമരവുമായി എത്തിയത്.
Comments