തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അയ്മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമ പദ്ധതിയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു. വേൾഡ് ട്രാവൽ മാർക്കറ്റ് ഇന്ത്യൻ റെസ്‌പോൺസിബിൾ ടൂറിസം വൺ ടു വാച്ച് പുരസ്‌കാരത്തിൽ സംസ്ഥാന ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവത്കരണം എന്ന വിഭാഗത്തിലാണ് അയ്മനം മാതൃകയ്‌ക്ക് പുരസ്‌കാരം ലഭിച്ചത്.
ഇതിനു മുൻപ് കുമരകവും അന്താരാഷ്‌ട്ര ശ്രദ്ധയാകർഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അയ്മനവും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.
ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി അയ്മനത്ത് വിവിധ ഹോംസ്‌റ്റേകൾ പ്രവർത്തിക്കുന്നുണ്ട്. ഗ്രാമീണ ജീവിതം, പക്ഷി നിരീക്ഷണം, ഗ്രാമയാത്ര, സൈക്കിൾ സവാരി എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന പാക്കേജുകളാണ് സന്ദർശകർക്കായി അയ്മനത്ത് നടപ്പാക്കി വരുന്നത്.
കൊറോണ പ്രതിസന്ധിയെ അതിജീവിച്ച് തിരിച്ചുവരവിന്റെ പാതയിലാണ് സംസ്ഥാന ടൂറിസം വകുപ്പ്. ഇപ്പോൾ ലഭിച്ച പുരസ്‌കാരം ടൂറിസം വകുപ്പിന് കൂടുതൽ ഊർജ്ജം പകരുമെന്ന് മന്ത്രി അഭിപ്രായപ്പെടുന്നു.
Comments